ന്യൂഡല്‍ഹി: പാർലമെന്റിന്റെ വിന്‍റർ സെഷന്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് പ്രതിപക്ഷ പാർട്ടികളുടെ യോഗം. ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാള്‍ മുതല്‍ തമിഴ്നാട് ഡിഎംകെ നേതാവ് എംകെ സ്റ്റാലിനടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം, മുലായം സിങ് യാദവിന്റെ സമാജ് വാദി പാർട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാർട്ടിയും യോഗത്തില്‍ പങ്കെടുത്തില്ല.

രാജ്യത്ത് ആർബിഎ അടക്കമുള്ളവയ്ക്കെതിരെ നടക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തെ ചെറുക്കേണ്ടതും ബിജെപിയെ തോല്‍പ്പിക്കേണ്ടതും പ്രതിപക്ഷത്തിന്റെ ആവശ്യമാണെന്ന് യോഗത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി പറഞ്ഞു.

“ഇന്ന് ഈ മുറിക്കുള്ളില്‍ ഉയർന്ന ശബ്ദം ഈ രാജ്യത്തെ പ്രതിപക്ഷത്തിന്റെ ശബ്ദമാണ്. ഞങ്ങളുടെ ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുകയും രാജ്യത്തിന്റെ ഭരണഘടനയേയും ആർബിഐ പോലുള്ളവയെ സംരക്ഷിക്കുകയുമാണ്”

യോഗം അവസാനിച്ചതിന് പിന്നാലെയായിരുന്നു റിസർവ്വ് ബാങ്ക് ഗവർണർ സ്ഥാനത്തു നിന്നും ഉർജിത് പട്ടേല്‍ രാജി വച്ചത്. പട്ടേലിന്റെ രാജിക്കെതിരേയും പ്രതിപക്ഷ നേതാക്കള്‍ തുറന്നടിച്ചു. “വലിയ ഞെട്ടാലാണിത്. രാജ്യത്ത് സിബിഐ മുതല്‍ ആർബിഐ വരെ തകർക്കപ്പെട്ടിരിക്കുകയാണ്. ഇതിന് മുമ്പ് ഇങ്ങനെ സംഭവിച്ചിട്ടില്ല. ഞെട്ടലുണ്ടാക്കുന്ന കാര്യമാണിത്. നമ്മള്‍ പ്രതിഷേധിക്കണം” എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.

പട്ടേലിന്റെ രാജിയെ കുറിച്ച് ചർച്ച ചെയ്യാനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം നാളേയും തുടരണമെന്നും വിഷയത്തില്‍ രാഷ്ട്രപതി രാം കോവിന്ദിനെ സമീപിക്കണമെന്നും മമത പറഞ്ഞു. “ഏകാധിപതികളെ പോലെയാണ് ബിജെപി പെരുമാറുന്നത്. ഈ ഭരണത്തിനെതിരെ പ്രതിഷേധം ഉയരണം. എല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചു” എന്നും മമത കൂട്ടിച്ചേർത്തു. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണെന്നും മമത പറഞ്ഞു.

മധ്യപ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെയാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം എന്നതും ശ്രദ്ധേയമാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡുവായിരുന്നു യോഗം കോർഡിനേറ്റ് ചെയ്തത്. മമതയ്ക്കും രാഹുലിനും പുറമെ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എച്ച് ഡി ദേവഗൌഡ, സോണിയാ ഗാന്ധി, അരവിന്ദ് കെജരിവാള്‍, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, ശരദ് പവാർ, ഫാറൂഖ് അബ്ദുള്ള, ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് സുധാകർ റെഡ്ഡി, എല്‍ജെഡി നേതാവ് ശരദ് യാദവ്, ജെവിഎം നേതാവ് ബാബുലാല്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

രാജ്യത്തിന്റെ ഭരണഘടനയെ തകർക്കുകയും ജനാധിപത്യത്തെ പരിഹസിക്കുകയും ചെയ്യുന്ന ഭരണകൂടത്തിനെതിരെ നിലപാട് ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് യോഗത്തിന് ശേഷം പ്രതിപക്ഷ പാർട്ടികള്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. തൊഴിലാളികളുടേയും കർഷകരുടേയും താഴേക്കിടയിലുള്ളവരുടേയും വിഷയങ്ങളെ കുറിച്ച് ചിന്തിക്കുന്ന ഒരു സർക്കാരിനെയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നും പ്രസ്താവനയില്‍ പറയുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ പെട്ടവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്ന, യുവാക്കള്‍ക്ക് തൊഴിലും കെട്ടുറപ്പുള്ള ജീവിതവും ഉറപ്പു വരുത്തുന്ന സർക്കാരിനേയാണ് രാജ്യത്തിന് ആവശ്യമെന്നും പട്ടിക ജാതി-പട്ടിക വർഗ്ഗത്തില്‍ ഉള്‍പ്പെടുന്നവരേയും സ്ത്രീകളേയും ന്യൂനപക്ഷങ്ങളേയും ശാക്തീകരിക്കുന്ന സർക്കാരിനേയാണ് ഇന്ത്യയ്ക്ക് വേണ്ടതെന്നും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നവരെയല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ആർബിഐയ്ക്കു നേരെയുള്ള സർക്കാരിന്റെ ആക്രമണവും അതിനേ തുടർന്നുണ്ടായ ഉർജിത് പട്ടേലിന്റെ രാജിയുമടക്കമുള്ള സംഭവങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ബിജെപി നയിക്കുന്ന സർക്കാരിന്റെ നടപടികള്‍ ആർബിഐുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വേഗത്തിലാക്കാന്‍ പ്രതിജ്ഞാബദ്ദരായ സർക്കാരിനെയാണ് രാജ്യത്തിന് വേണ്ടതെന്നും ജനങ്ങളെ കൊള്ളയടിക്കുകയും രാജ്യത്തിന്റെ ബാങ്കിങ് സംവിധാനത്തെ തന്നെ തകർക്കുന്ന സർക്കാരിനെയല്ലെന്നും പ്രതിപക്ഷ പാർട്ടികളുടെ പ്രസ്താവനയില്‍ പറയുന്നു. റാഫേല്‍ അഴിമതിയടക്കമുള്ള ആരോപണങ്ങളും പ്രതിപക്ഷം പ്രസ്താവനയില്‍ ഉയർത്തി കാണിക്കുന്നു. രാജ്യത്തെ ബാങ്കുകളെ കൊള്ളയടിച്ച് രാജ്യം വിടുന്ന വ്യവസായ ഭീമന്മാരെ സർക്കാർ സഹായിക്കുകയാണെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

തിരഞ്ഞെടുപ്പിലെ വിജയത്തേക്കാള്‍ ജനാധിപത്യത്തെ മാഗ്നകാർട്ടയായി കണക്കാക്കുന്ന സർക്കാരിനെയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നും ഇവിഎമ്മുമായി ബന്ധപ്പെട്ട വാർത്തകളും ആരോപണങ്ങളും തിരഞ്ഞെടുപ്പിന്റെ നിഷപക്ഷതയെ തന്നെ ചോദ്യം ചെയ്യുന്നതായും പ്രസ്താവനയില്‍ പറയുന്നു. വൈകാതെ തന്നെ വിഷയത്തിലൊരു പരിഹാരം കണ്ടത്തേണ്ടതുണ്ടെന്നും പ്രതിപക്ഷം പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കുക, പാർലമെന്ററി ജനാധിപത്യത്തെ പ്രതിരോധിക്കുക, ചിന്തിക്കാനും സംസാരിക്കാനും എഴുതാനുമുള്ള സ്വാതന്ത്ര്യത്തിനായും നാനാത്വത്തിലെ ഏകത്വത്തെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയർത്തി പിടിച്ചു കൊണ്ട് രാജ്യത്തെ പുരോഗമന-മതനിരപേക്ഷ ശക്തികള്‍ തങ്ങളുടെ ഒപ്പം നില്‍ക്കണമെന്നും പ്രസ്താവനയില്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook