scorecardresearch
Latest News

സോണിയക്കൊപ്പം യെച്ചൂരിയുമെത്തി; പൗരത്വ നിയമത്തിനെതിരെ രാഷ്ട്രപതിക്ക് കത്ത്

ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

സോണിയക്കൊപ്പം യെച്ചൂരിയുമെത്തി; പൗരത്വ നിയമത്തിനെതിരെ രാഷ്ട്രപതിക്ക് കത്ത്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കള്‍. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം പത്തിലേറെ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ എന്നിവരടക്കമാണ് രാഷ്ട്രപതിയുടെ ഓഫീസില്‍ നേരിട്ടെത്തി പ്രതിഷേധം അറിയിച്ചത്.

ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമാധാനപരമായി പ്രതിഷേധിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നരനായാട്ട് നടത്തുകയായിരുന്നു എന്ന് രാഷ്ട്രപതിയെ കണ്ട ശേഷം സോണിയ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. വളരെ ഗൗരവമേറിയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ആശങ്ക രേഖപ്പെടുത്തിയ സോണിയ ഗാന്ധി ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ പെണ്‍കുട്ടികളുടെ ബാത്ത്‌റൂമുകളില്‍ കയറി പൊലീസ് നടത്തിയ അതിക്രമത്തെ നിശിതമായി വിമര്‍ശിച്ചു.

Read Also: പുറത്തിരിക്കേണ്ടവനല്ല; രഞ്ജിയില്‍ സഞ്ജുവിന് കലക്കന്‍ സെഞ്ചുറി

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്രത്തിന് തിടുക്കമായിരുന്നു എന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. ജാമിയ മിലിയയില്‍ നടന്ന പൊലീസ് അതിക്രമത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം വ്യക്തമാക്കി പ്രതിപക്ഷ നേതാക്കൾ ഒപ്പുവച്ച കത്ത് രാഷ്ട്രപതിക്ക് കെെമാറി.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ വിവിധ ക്യാംപസുകളില്‍ പ്രതിഷേധം തുടരുകയാണ്. ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍, വിദ്യാര്‍ഥികളുടെ പ്രതിഷേധം ജനാധിപത്യപരമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read Also: രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കുന്ന എല്ലാറ്റിനെയും നിരുത്സാഹപ്പെടുത്തണം: മമ്മൂട്ടി

“പഠിക്കുന്ന സ്ഥലത്തിന്റെ പ്രധാന്യം മനസിലാക്കണമെന്ന് ഞാന്‍ എല്ലാ വിദ്യാര്‍ഥികളോടും ആവശ്യപ്പെടുകയാണ്. സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച് ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ഉണ്ടാകണം. സര്‍ക്കാര്‍ നയങ്ങളില്‍ എന്തെങ്കിലും പിഴവുകളുണ്ടെന്ന് തോന്നിയാല്‍ അതിനെതിരെ പ്രതിഷേധിക്കണം. പക്ഷേ, പ്രതിഷേധങ്ങളെല്ലാം ജനാധിപത്യ രീതിയില്‍ ആയിരിക്കണമെന്ന് മാത്രം. നിങ്ങളുടെ പ്രതിഷേധം സര്‍ക്കാര്‍ കേള്‍ക്കുന്നതുവരെ ഉയര്‍ത്തുക. എല്ലാവരുടെയും ശബ്ദങ്ങള്‍ കേള്‍ക്കുകയും എല്ലാവരുടെയും വികാരങ്ങള്‍ മനസിലാക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് ഇത്,” നരേന്ദ്ര മോദി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മുസ്‌ലിങ്ങളില്‍ ഭയം സൃഷ്ടിച്ചത് കോണ്‍ഗ്രസാണെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. “കോണ്‍ഗ്രസ് നുണകള്‍ പരത്തുകയാണ്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. രാജ്യത്തെ ഒരു പൗരനെയും പൗരത്വ ഭേദഗതി നിയമം ബാധിക്കില്ല. രാജ്യത്തെ വിദ്യാര്‍ഥികളെ ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് അര്‍ബന്‍ നക്‌സലുകള്‍ ശ്രമിക്കുന്നത്. പൗരത്വ നിയമം രാജ്യത്തെ മുസ്‌ലിങ്ങളുടെ ഒരു അവകാശത്തിനും എതിരല്ല,” നരേന്ദ്ര മോദി വ്യക്തമാക്കി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Opposition leaders together criticize citizenship bill