ലക്നൗ: കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകളെ ഉത്തർപ്രദേശിലെ ഝാൻസിയിൽ ചില സഹയാത്രികരും റെയിൽവേ പൊലീസും ചേർന്ന് ട്രെയിൻ യാത്രയ്ക്കിടെ ഇറക്കിവിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെതിരെ പ്രതിഷേധം വ്യാപകം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചെങ്കിലും ആരെയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
അമിത് ഷായുടെ വാക്കുകള്‍ പൊള്ളയായ പ്രസ്താവനകളാണെന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. പ്രിയങ്കയ്ക്ക് പുറമെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഎസ്പി നേതാവ് മായാവതി എന്നിവരും ബിജെപി സര്‍ക്കാരിനെതിരെ രംഗത്തെത്തി.
“ഇപ്പോൾ കേരളത്തിൽ ഒരു തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്, കന്യാസ്ത്രീകളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പൊള്ളയായ പ്രസ്താവനകൾ നൽകുന്നതിൽ ആഭ്യന്തരമന്ത്രി അമിത് ഷാ തിരക്കിലാണ്,” അമിത് ഷായെ ടാഗ് ചെയ്തുകൊണ്ട് പ്രിയങ്ക ട്വീറ്റ് ചെയ്തു. ബിജെപിക്കും ആര്‍എസ്എസിന്റ വിദ്യാര്‍ഥി സംഘടനയായ എബിവിപിക്കുമെതിരെ ചോദ്യോത്തര രീതിയിലും പ്രിയങ്ക ട്വീറ്റ് ചെയ്തു.
“ട്രെയിനിൽ യാത്രചെയ്യുന്ന യുവതികളെ പീഡിപ്പിക്കാനും വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടാനും ഈ ഗുണ്ടകളെ പ്രാപ്തരാക്കുന്ന സർക്കാരിനെ ഏത് രാഷ്ട്രീയ പാർട്ടിയാണ് നയിക്കുന്നത്? ബിജെപി,”
“ഈ ഗുണ്ടകൾ ഏത് രാഷ്ട്രീയ പാർട്ടിയിൽ ഉൾപ്പെട്ടതാണ്? ബിജെപി,”
“ഏത് പാർട്ടിയുടെ വിദ്യാർഥി സംഘടനയിലെ അംഗങ്ങളാണിവർ? ബിജെപി, ” അവർ മറ്റൊരു ട്വീറ്റിൽ കുറിച്ചു.
Read More: ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തെ ബാധിക്കില്ല
കന്യാസ്ത്രീകള്‍ക്കെതിരായ സംഭവത്തെ നീചമായ പ്രവര്‍ത്തനം എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. “കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകൾക്കെതിരെ യുപിയിൽ നടന്ന ആക്രമണം ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ തിരിച്ചുവിടാനും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കാനും സംഘപരിവാർ നടത്തിയ നീചമായ പ്രവർത്തനത്തിന്റെ ഫലമാണ്. ഇത്തരം വിഭജന ശക്തികളെ പരാജയപ്പെടുത്താൻ ഒരു രാജ്യമെന്ന നിലയിൽ ആത്മപരിശോധന നടത്താനും തിരുത്താനുമുള്ള നടപടികൾ കൈക്കൊള്ളേണ്ട സമയമായിരിക്കുന്നു, ” രാഹുൽ ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നിയന്ത്രണമില്ലെന്ന് പറഞ്ഞ ബിഎസ്പി മേധാവി മായാവതി കന്യസ്ത്രീകൾക്ക് എതിരായ സംഭവത്തെ ‘അപലപനീയവും ലജ്ജാകരവുമാണ്’ എന്നാണ് വിശേഷിപ്പിച്ചത്.