ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെ വെർച്വൽ കൂടിക്കാഴ്ച നടത്തി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനും ഇനി വരാനിരിക്കുന്ന വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകൾക്കും മുന്നോടിയായി കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെ ഒരു പൊതു തന്ത്രം വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ആത്യന്തിക ലക്ഷ്യമെന്ന് പ്രസ്താവിച്ച കോൺഗ്രസ് അധ്യക്ഷ, സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലും തത്വങ്ങളിലും നമ്മുടെ ഭരണഘടനയുടെ വ്യവസ്ഥകളിലും വിശ്വസിക്കുന്ന ഒരു ഗവൺമെന്റ് നമ്മുടെ രാജ്യത്ത് വരണമെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാർട്ടികൾ ആസൂത്രിതമായി ആസൂത്രണം ആരംഭിക്കേണ്ടതുണ്ടെനന്ന് പറഞ്ഞു.
കോൺഗ്രസിനെ കൂടാതെ 18 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. മമതാ ബാനർജി (പശ്ചിമ ബംഗാൾ), എംകെ സ്റ്റാലിൻ (തമിഴ്നാട്), ഉദ്ധവ് താക്കറെ (മഹാരാഷ്ട്ര), ഹേമന്ത് സോറൻ (ജാർഖണ്ഡ്) എന്നീ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കാളികളായി.
Read More: ഭീകരശക്തികൾ കെട്ടിപ്പടുത്തുയർന്ന സാമ്രാജ്യത്തിന്റെ നിലനിൽപ്പ് ശാശ്വതമല്ല: പ്രധാനമന്ത്രി
“പൊതു പ്രാധാന്യമുള്ള അടിയന്തിര വിഷയങ്ങൾ ചർച്ച ചെയ്യാനും ചർച്ച ചെയ്യാനും തയ്യാറാവാതെ കേന്ദ്രസർക്കാർ ധാർഷ്ട്യവും അഹങ്കാരവും പ്രകടിപ്പിക്കുന്നു” എന്ന് സോണിയ ഗാന്ധി തുറന്നടിച്ചു. ഈ സാഹചര്യത്തിലും പാർലമെന്റിൽ പ്രതിപക്ഷം ഏകോപനത്തോടെ പ്രവർത്തിച്ചു എന്നും സോണിയ ഗാന്ധി പറഞ്ഞു.
ഈയിടെ സമാപിച്ച പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സെഷനിൽ പ്രതിപക്ഷം ഐക്യത്തോടെ ഇടപെട്ടിരുന്നു. പെഗാസസ് വിവരച്ചോർച്ച, കാർഷിക നിയമങ്ങൾ, കോവിഡ് കൈകാര്യം ചെയ്ത രീതി അടക്കമുള്ള വിഷയങ്ങൾ സഭയിൽ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
ഒബിസി സമുദായങ്ങളെ നിർണയിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി ഭരണഘടനാ ഭേദഗതി ബിൽ പാസാക്കിയത് പൂർണ്ണമായും പ്രതിപക്ഷ പാർട്ടികൾ കാരണമാണെന്ന് കോൺഗ്രസ് അധ്യക്ഷ ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനങ്ങളിൽ അത്തരം പ്രതിപക്ഷ ഐക്യം ഉയർത്താം എന്നതിൽ അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പക്ഷേ വലിയ രാഷ്ട്രീയ യുദ്ധം അതിനു പുറത്ത് പോരാടേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, എൻസിപി നേതാവ് ശരദ് പവാർ, എൽജെഡി നേതാവ് ശരദ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. അതേസമയം എസ്പിയിൽ നിന്ന് ആരും യോഗത്തിൽ പങ്കെടുത്തില്ല.