ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കശ്മീരില്‍. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ചാണ് രാഹുല്‍ കശ്മീരിലേക്ക് പുറപ്പെടുന്നത്. രാഹുലിനൊപ്പം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് തുടങ്ങി ഒമ്പത് പ്രതിപക്ഷ നേതാക്കളുമുണ്ടാകും. കശ്മീര്‍ സന്ദര്‍ശനത്തില്‍ രാഹുല്‍ പ്രാദേശിക നേതാക്കളേയും മുഖ്യധാര പാര്‍ട്ടി നേതാക്കളേയും കാണും.
എന്നാൽ സന്ദർശനം ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കുമെന്നും അതുകൊണ്ട് സന്ദർശനം ഒഴിവാക്കണമെന്നുമാണ് ജമ്മു കശ്മീർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപാർട്മെന്റ് അറിയിച്ചത്. ക്രമസമാധാനം നിലനിർത്തേണ്ടതിന്റെയും മനുഷ്യ ജീവനുകൾ നഷ്ടപ്പെടാതിരിക്കുന്നതിന്റെയും ആവശ്യകത മുതിർന്ന നേതാക്കൾ മനസിലാക്കണമെന്നും ഭരണകൂടം വ്യക്തമാക്കി.
“അതിർത്തി കടന്നുള്ള ഭീകരവാദ ഭീഷണിയിൽ നിന്നും തീവ്രവാദികളുടെയും വിഘടനവാദികളുടെയും ആക്രമണങ്ങളിൽ നിന്ന് ജമ്മു കശ്മീരിലെ ജനങ്ങളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയും, ക്രമേണ അക്രമങ്ങളേയും തെറ്റിദ്ധാരണകളെയും നിയന്ത്രിച്ച് പൊതുജീവിതം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സമയത്ത്, ക്രമസമാധാനം നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങൾ മുതിർന്ന രാഷ്ട്രീയ നേതാക്കൾ നടത്തരുത് ”ജമ്മു കശ്മീർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (ഡിഐപിആർ) ട്വീറ്റ് ചെയ്തു.
വിമാനം അയക്കാം, രാഹുല്‍ കശ്മീരിലേക്കു വന്ന് യാഥാര്‍ഥ്യം കാണൂവെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നേരത്തേ പറഞ്ഞിരുന്നു. ആ വെല്ലുവിളി സ്വീകരിച്ചാണ് രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനം.
ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിന് ശേഷം രാഷ്ട്രീയ നേതാക്കള്‍ക്ക് കശ്മീരിലേക്ക് പ്രവേശനം തടഞ്ഞിരുന്നു. സീതാറാം യെച്ചൂരിയേയും ഗുലാം നബി ആസാദിനേയും ശ്രീനഗറില്‍ വച്ച് തടയുകയും മടക്കി അയക്കുകയും ചെയ്തിരുന്നു. കശ്മീരില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകളും വ്യക്തമായി ലഭിക്കുന്നില്ല. മേഖലയില്‍ ഇപ്പോഴും നിയന്ത്രണം തുടരുന്നതിനാലാണിത്. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയ പ്രമുഖ നേതാക്കളടക്കം വീട്ടുതടങ്കലിലാണ്.
Read More: പ്രിയപ്പെട്ട മാലിക് ജീ, ഞാന്‍ എപ്പോഴാണ് വരേണ്ടത് ? കശ്മീര്‍ ഗവര്‍ണര്‍ക്ക് രാഹുലിന്റെ മറുപടി
ജമ്മു കശ്മീരിലേക്ക് വരാന്‍ രാഹുലിന് ഗവര്‍ണര്‍ വിമാനം വാഗ്ദാനം ചെയതിരുന്നു. എന്നാല്‍ വിമാനമല്ല തനിക്കും പ്രതിപക്ഷ നേതാക്കള്‍ക്കും വേണ്ടത്. ആളുകളെ കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിന് മാലിക് പ്രതികരിച്ചില്ലെങ്കിലും രാഹുല്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും രാഹുല്‍ ഒരുപാട് നിബന്ധനകള്‍ മുന്നോട്ട് വച്ചതിനാല്‍ വാഗ്ദാനം പിന്‍വലിക്കുന്നതുമായി പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം എംഎല്‍എ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാനായി കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരിക്കും ഡി.രാജയ്ക്കും അദ്ദേഹത്തിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇരുവരേയും വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.