ന്യൂഡല്‍ഹി: മുത്തലാഖ് ബിൽ ഇന്ന് വീണ്ടും രാജ്യസഭ പരിഗണിക്കും. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രണ്ടാമതും നോട്ടീസ് നല്‍കിയിട്ടുണ്ട്. സഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ വോട്ടെടുപ്പിലേക്ക് കടക്കാതെ, മുത്തലാഖ് ബിൽ രാജ്യസഭയില്‍ നിലനിര്‍ത്തി പുതിയ ഓര്‍ഡിനന്‍സ് ഇറക്കാനായിരിക്കും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുക. അതേസമയം, ലോക്‌സഭയില്‍ റഫേല്‍ വിഷയം ഭരണ പ്രതിപക്ഷ സമവായത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യും.

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുമോ എന്നതാണ് വോട്ടെടുപ്പ് നടക്കുമോ എന്നതിനേക്കാള്‍ അറിയേണ്ടത്. ബിൽ പരാജയപ്പെടാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി അണ്ണാ ഡിഎംകെ പ്രതിഷേധം ഇന്നുമുണ്ടാകും.

കഴിഞ്ഞ ദിവസം സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ബില്ലിനെതിരെ നിലപാടെടുത്തിരുന്നു. തൃണമൂല്‍, ബിജെഡി എന്നിവരുടെ പിന്തുണ ഉറപ്പാക്കാന്‍ കേന്ദ്രത്തിന് സാധിച്ചതുമില്ല. രാജ്യസഭ പിരിഞ്ഞ ശേഷവും ഇതേ സാഹചര്യമാണ് തുടരുന്നത്. കഴിഞ്ഞ ദിവസം ബില്‍ അവതരിപ്പിക്കാനുള്ള നീക്കം ബഹളത്തില്‍ അവസാനിച്ചിരുന്നു. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ബില്‍ ഏത് വിധേനയും അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് കഴിഞ്ഞ ദിവസം ബഹളത്തിനിടയാക്കിയത്.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പ്രമേയം സ്പീക്കറും പരിഗണിച്ചില്ല. ഇന്ന് ബില്‍ വീണ്ടും സഭയില്‍ വരുമ്പോള്‍ പ്രതിപക്ഷം നിലപാട് ആവര്‍ത്തിക്കും. സെലക്ട് കമ്മിറ്റിക്ക് വിടുന്ന പ്രമേയം വോട്ടിനിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ഇക്കാര്യത്തില്‍ പ്രതിപക്ഷ ഐക്യത്തിനും കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ