ലഖ്‌നൗ: ബി.ജെ.പിയെ ഉത്തര്‍പ്രദേശില്‍ തോല്‍പിക്കാനായാല്‍ ഇന്ത്യയെമ്പാടും പരാജയപ്പെടുത്താനാവുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. അടുത്ത 50 വർഷം ഭരിക്കുമെന്ന് വീമ്പ് പറയുന്നവർക്ക് 50 ആഴ്ചകൾ കൊണ്ട് മറുപടി നൽകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷനോടുള്ള വിശ്വാസം നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കുകയാണ് അദ്ദേഹം കുറ്റപ്പെടുത്തി. ജാതിയും മതവും പറഞ്ഞാൽ വേതനവും ജോലിയും അടക്കമുളള എല്ലാ കാര്യങ്ങളും ജനങ്ങൾ മറക്കും. തെറ്റായ വഴിയിലാണ് ആർഎസ്എസ് ജനങ്ങളെ നയിക്കുന്നത്. ഇതിനാലാണ് സമാജ്‌വാദി പാർട്ടി ഉത്തർപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ നല്ല ഭാവിക്ക് ജനങ്ങൾ ആർഎസ്എസിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നയിക്കുന്ന വിശാല സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പിന്റെ അവസാനത്തിലാണ് തീരുമാനിക്കുക. ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിശാല സഖ്യം ഉത്തർപ്രദേശിൽ വിജയിക്കുകയാണെങ്കിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും അത് തന്നെ സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.