ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അന്തരിച്ച അംഗങ്ങൾക്കും നേതാക്കൾക്കും  ആദരാഞ്ജലി അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. റാഫേൽ ഇടപാട് അടക്കമുളള ആരോപണങ്ങൾക്ക് പിന്നാലെ റിസർവ് ബാങ്ക് ഗവർണറുടെ രാജിയും പ്രതിപക്ഷം ഇക്കുറി ആയുധമാക്കും.

റാഫേൽ ഇടപാട്, ജെപിസി,  കർഷക പ്രശ്നങ്ങൾ,  ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്ര നീക്കം, ആർബിഐ ഗവർണർ ഊർജിത് പട്ടേലിന്റെ രാജി തുടങ്ങി കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നീണ്ട പട്ടികയാണ് പ്രതിപക്ഷത്തിന്റെ പക്കലുളളത്.

എന്നാൽ പ്രതിപക്ഷ ആരോപണത്തെ എതിർക്കാൻ ബിജെപിക്ക് ഇക്കുറി ഉയർന്ന ആത്മവിശ്വാസം ഉണ്ട്. ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിലേക്ക് എത്തിച്ചതും വിവാദ വ്യവസായി വിജയ് മല്യയ്ക്ക് എതിരായ ലണ്ടൻ കോടതി വിധിയും ഭരണപക്ഷം ഉയർത്തിക്കാട്ടും.

അതേസമയം, ഈ സമ്മേളന കാലത്ത് മുത്തലാഖ് അടക്കം 43 ബില്ലുകളാണ് പാർലമെന്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്.  ജനുവരി എട്ടുവരെ നീളുന്ന സമ്മേളനത്തിൽ 20 ദിവസം ആകും സഭ സമ്മേളിക്കുക.   5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സഭയിൽ വലിയ ചർച്ചയാകും.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് ഇന്ന് നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നത്. ഇതിൽ രണ്ട് സംസ്ഥാനങ്ങളിലെങ്കിലും ബിജെപിക്കും കോൺഗ്രസിനും ഭരണത്തിലെത്തിയേ പറ്റൂ. ഈ സാഹചര്യത്തിൽ എന്തായിരിക്കും ഫലമെന്ന കാത്തിരിപ്പിലാണ് രാജ്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ