/indian-express-malayalam/media/media_files/uploads/2023/07/20230623343L.jpg)
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം -ഫൊട്ടോ-എഎന്‍ഐ
ന്യൂഡല്‍ഹി:ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നും നാളെയുമായി ബെംഗളൂരുവില്‍ ചേരും. 24 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) അറിയിച്ചിട്ടുണ്ട്. യോഗത്തില്‍ സീറ്റ് വിഭജനം, പാര്‍ട്ടികള്‍ തമ്മിലുള്ള കൂടുതല്‍ ഏകോപനവും ആശയവിനിമയവും തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. വൈകിട്ട് ആറ് മണി മുതല്‍ എട്ട് മണി വരെയാണ് ആദ്യയോഗം. നാളെ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് പ്രധാന യോഗം.
സഖ്യത്തിന് ഔപചാരികമായ പേര് നല്‍കണമോ, ഒരു പൊതു പരിപാടി തയ്യാറാക്കണോ എന്ന കാര്യവും പാര്‍ട്ടികള്‍ ആലോചിക്കും, സഖ്യത്തിന് ഔപചാരികമായ പേര് നല്‍കാന്‍ സമയമായെന്ന് ചില പാര്‍ട്ടികള്‍ അഭിപ്രായപ്പെടുമ്പോള്‍ ഇത് വിപരീത ഫലമുണ്ടാക്കുമെന്നും ചിലര്‍ വിശ്വസിക്കുന്നു. സഖ്യത്തിന് പേരും ഘടനയും നല്‍കുന്നത് ലക്ഷ്യബോധം പ്രകടമാക്കുമെന്ന് പാര്‍ട്ടികളിലെ ഒരു വിഭാഗം വിശ്വസിക്കുന്നു.
സീറ്റ് പങ്കിടലായിരിക്കും യോഗത്തിലെ പ്രധാന അജണ്ട. യോഗത്തിന് ഒരു ദിവസം മുമ്പാണെങ്കിലും എഎപി പങ്കെടുക്കുമെന്ന് അറിയിച്ചത് ശുഭസൂചനയായാണ് പാര്‍ട്ടികള്‍ കരുതുന്നത്. ഡല്‍ഹി ഓര്‍ഡിനന്‍സിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു എഎപി പ്രഖ്യാപനം. ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് ശനിയാഴ്ച സൂചന വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് പരസ്യമാക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ഈ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനും ഭരണഘടനാപരമായ അവകാശങ്ങളും നമ്മുടെ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും ഉറപ്പാക്കാനും ഒരു പൊതു ലക്ഷ്യത്തോടെയാണ് പാര്‍ട്ടികള്‍ ഒന്നിച്ചിരിക്കുന്നതെന്ന് ബംഗളൂരുവില്‍ പ്രതിപക്ഷ യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണത്തില്‍ ഇവയെല്ലാം ആക്രമിക്കപ്പെടുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാന്‍ അവര്‍ ആഗ്രഹിച്ചു. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ അവര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കിയത്. മഹാരാഷ്ട്രയില്‍ നടന്ന സംഭവവും ഉദാഹരണമാണ്. കെ സി വേണുഗോപാല്‍ പറഞ്ഞു.
'ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. സംസ്ഥാനങ്ങളെ ബുള്‍ഡോസര്‍ ചെയ്യുന്ന ബിജെപി സര്‍ക്കാരിന്റെ നിലപാട് കോണ്‍ഗ്രസിന് ഒട്ടും സ്വീകാര്യമല്ലെന്ന് ആദ്യ ദിവസം മുതല്‍ ഞങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇന്ത്യ ഒരു ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അധികാരം തട്ടിയെടുക്കാന്‍ ഗവര്‍ണര്‍മാരെയും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരെയും ഉപയോഗിക്കുന്നതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല. ഡല്‍ഹി ഓര്‍ഡിനന്‍സിനെ സംബന്ധിച്ചിടത്തോളം, സമ്മേളനത്തിന് മുമ്പ് ഞങ്ങളുടെ പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ചേരുമെന്നും ഏത് ബില്ലിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു, ഏത് ബില്ലിനെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്നും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഞങ്ങള്‍ വ്യക്തമായി പറഞ്ഞു. ഫെഡറലിസത്തിനെതിരായ ഈ ആക്രമണത്തെയും സംസ്ഥാന സര്‍ക്കാരുകളുടെ സ്വതന്ത്ര അധികാരങ്ങള്‍ക്കെതിരായ ആക്രമണത്തെയും ഞങ്ങള്‍ക്ക് പിന്തുണയ്ക്കാന്‍ കഴിയില്ല, ''ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ജൂണ്‍ 23-ന് പട്നയില്‍ നടക്കുന്ന ചര്‍ച്ചകളുടെ തുടര്‍ച്ച ബംഗളൂരുവില്‍ നടക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ''പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും അഭിപ്രായവ്യത്യാസങ്ങള്‍ കുറയ്ക്കുകയും പാര്‍ട്ടികള്‍ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയും വേണം,'' ഒരു മുതിര്‍ന്ന പ്രതിപക്ഷ നേതാവ് പറഞ്ഞു. തിങ്കളാഴ്ച, പാര്‍ട്ടികളുടെ നേതാക്കള്‍ വൈകുന്നേരം അനൗപചാരിക ചര്‍ച്ചകള്‍ നടത്തുകയും തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംഘടിപ്പിക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്യും.
ചൊവ്വാഴ്ചത്തെ ചര്‍ച്ചകളുടെ വിശാലമായ അജണ്ട തിങ്കളാഴ്ചത്തെ അനൗപചാരിക യോഗത്തില്‍ സജ്ജീകരിക്കും. ''തീര്‍ച്ചയായും, സീറ്റ് വിഭജനത്തെ കുറിച്ച് സംസാരിക്കേണ്ടതുണ്ട്,'' ഒരു നേതാവ് പറഞ്ഞു. റാലികള്‍ പോലുള്ള സംയുക്ത പരിപാടികള്‍ നടത്തുന്നതും ആശങ്കാജനകമായ പൊതുവായ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതും, ''പാര്‍ട്ടികള്‍ക്ക് ഏകോപിപ്പിക്കാനും ഐക്യപ്പെടാനും കഴിയുന്ന വിഷയങ്ങള്‍ രേഖപ്പെടുത്തുക, തുടങ്ങിയ ചര്‍ച്ചകള്‍ നടത്തുമെന്ന് മറ്റൊരു നേതാവ് പറഞ്ഞു. 'ഞങ്ങള്‍ സഹകരണത്തിന്റെ മേഖലകള്‍ തിരിച്ചറിയേണ്ടതുണ്ട്' ഒരു നേതാവ് പറഞ്ഞു. 'ദൗത്യം വ്യക്തമാണ് - നിസ്വാര്‍ത്ഥമായും ഐക്യത്തോടെയും പ്രവര്‍ത്തിക്കുക, 2024-നും അതിനുശേഷവും ഉള്ള കാഴ്ചപ്പാടോടെ ഇന്ത്യയെ അവതരിപ്പിക്കുക,' തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപി ഡെറക് ഒബ്രിയന്‍ പറഞ്ഞു. കൂടുതല്‍ വായിക്കുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.