കൊല്‍ക്കത്ത: 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ സമാന ചിന്താഗതികളുള്ള പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിപക്ഷ ഐക്യത്തിനായുള്ള പ്രചാരണത്തിന്റെ ഭാഗമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ് എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.
വരുന്ന തിരഞ്ഞെടുപ്പുകളില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി ബിജെപിയെ നേരിടും. ഞങ്ങള്‍ക്ക് വ്യക്തിപരമായ പ്രശ്നങ്ങളില്ല, ഒന്നിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കും, നിതീഷിനും തേജസ്വിക്കുമൊപ്പമിരുന്ന് മമത മാധ്യമങ്ങളോട് പറഞ്ഞു.
ഞാൻ നിതീഷ് കുമാറിനോട് ഒരു അഭ്യർത്ഥന മാത്രമാണ് നടത്തിയത്. ജയപ്രകാശ് (നാരായണൻ) ജിയുടെ പ്രവര്‍ത്തനം ആരംഭിച്ചത് ബിഹാറിൽ നിന്നാണ്. ബിഹാറിൽ ഒരു സർവകക്ഷിയോഗം കൂടിയാൽ അടുത്ത നടപടിയെന്താകണമെന്ന് നമുക്ക് തീരുമാനിക്കാം. പക്ഷെ ആദ്യം നമ്മൾ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകണം. എനിക്ക് എതിർപ്പില്ല എന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ബിജെപി പൂജ്യത്തിലെത്തണമെന്നാണ് എന്റെ ആഗ്രഹം, മമത കൂട്ടിച്ചേര്‍ത്തു.
മമതയും തേജസ്വിയുമായി വളരെ പോസിറ്റീവായ ചര്‍ച്ചയാണ് നടന്നതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം കട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ പുരോഗതിക്കായി ഭരിക്കുന്നവര്‍ ഒന്നും ചെയ്യുന്നില്ലെന്നും വെറും പ്രഹസനങ്ങള്‍ മാത്രമാണെന്നും നിതീഷ് കുറ്റപ്പെടുത്തി.
നിതീഷ് കുമാര്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി ഇനി കൂടിക്കാഴ്ച നടത്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസ് പോലുള്ള പാർട്ടികളുമായി പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താൻ ആർജെഡി നേതാവ് തേജസ്വി ഏതാനും ചര്‍ച്ചകള്‍ നടത്തിയിരുന്നു.