അവശ്യ വസ്തു നിയമത്തില്‍ നടത്തിയ ഭേദഗതി ഉടൻ നടപ്പിലാക്കാൻ ആവശ്യപ്പെട്ട് സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഇതിനെതിരെ പ്രതിഷേധവുമായി കർഷക സംഘടനകൾ. ഈ റിപ്പോർട്ട് മനുഷ്യത്വ രഹിതമാണെന്നും ഗ്രാമീണ മേഖലയേയും നഗര മേഖലയേയും ബാധിക്കുമെന്നും സാധാരണക്കാരായ ഉപഭോക്താക്കൾക്കെതിരാണെന്നും സംഘടനകൾ അഭിപ്രായപ്പെട്ടു.
കർഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷ പാർട്ടികളുടെ “യഥാർത്ഥ മുഖം” റിപ്പോർട്ട് മുന്നിലെത്തിച്ചിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിച്ച പാനലിൽ കോൺഗ്രസ്, ടിഎംസി, ആം ആദ്മി പാർട്ടി എന്നിവയുൾപ്പെടെ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള അംഗങ്ങളുണ്ട്. ഈയിടെ കേന്ദ്രം നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കണമെന്ന് ഈ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
കർഷകരുടെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന 40 ലധികം സംഘടനകളുടെ തലപ്പത്തെ സംഘടനയായ സംയുക്ത കിസാൻ മോർച്ച, ഈ റിപ്പോർട്ട് കരിഞ്ചന്തയെയും സ്വകാര്യ കക്ഷികളേയും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ചു.
മാര്‍ച്ച് 19ന് ലോക്‌സഭയില്‍ ഭക്ഷ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വെച്ച റിപ്പോര്‍ട്ടാണ് ഇത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ധോപധ്യായ് ആണ് ഈ കമ്മിറ്റിയുടെ അധ്യക്ഷന്‍. ഇതില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കാനായിരുന്നു ആവശ്യം. അവശ്യ വസ്തു നിയമം നടപ്പാക്കുന്നതിലൂടെ ഈ രാജ്യത്തെ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും നേട്ടമുണ്ടാകുമെന്ന് പറയുന്നുണ്ട്.
“മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന കർഷകരുടെ പ്രക്ഷോഭത്തിന് പിന്തുണ അവകാശപ്പെടുന്ന പല പാർട്ടികളും നിയമം നടപ്പാക്കുന്നതിന് വോട്ട് ചെയ്തത് തികച്ചും അപമാനകരമാണ്. ഈ നിയമങ്ങളിൽ ഈ കക്ഷികൾക്കിടയിൽ വിശാലമായ അഭിപ്രായ സമന്വയം ഇത് തുറന്നുകാട്ടുന്നു. ഈ ശുപാർശകൾ പിൻവലിക്കാൻ ഞങ്ങൾ സമിതിയോട് അഭ്യർത്ഥിക്കുന്നു,” കിസാൻ മോർച്ച പറഞ്ഞു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഈ കമ്മിറ്റി അംഗങ്ങളായ പ്രതിപക്ഷ നേതാക്കളാരും ഈ നിയമം നടപ്പാക്കുന്നതിനെ എതിർത്തിട്ടില്ലെന്ന് ബി കെ യു ജനറൽ സെക്രട്ടറി ജഗൻമോഹൻ സിംഗ് പട്യാല പറഞ്ഞു. “കർഷകരുടെ പ്രതിഷേധം നടക്കുമ്പോഴും കാർഷിക നിയമങ്ങളെക്കുറിച്ച് സർക്കാരും കർഷകരും തമ്മിലുള്ള ചർച്ചകൾ പ്രതീക്ഷിക്കുമ്പോഴും സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിന്ന് തിടുക്കത്തിൽ ഈ അനുമതി ലഭിക്കേണ്ടതിന്റെ ആവശ്യകത എന്താണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സമരം ആരംഭിച്ച് നാല് മാസം പിന്നിടുമ്പോൾ ഇപ്പോഴും പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമായി 40,000ത്തോളം കർഷകർ അതിർത്തിയിൽ സമരം ചെയ്യുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
നിലവിൽ സിങ്കു അതിർത്തിയിൽ 18,000-19,000 പ്രതിഷേധക്കാരും 20,000-22,000 പേർ തിക്രിയിലുമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ കണക്കാക്കുന്നു. എന്നാൽ പോലീസിന്റെ കണക്കുകളേക്കാൾ വളരെ ഉയർന്നതാണ് സംഖ്യയെന്ന് കർഷക നേതാക്കൾ അവകാശപ്പെടുന്നു.