ന്യൂഡൽഹി: രാജ്യത്തെ കംപ്യൂട്ടറുകളിലെ ഡാറ്റകൾ പരിശോധിക്കുന്നതിന് പത്ത് ഏജൻസികളെ ചുമതലപ്പെടുത്തിക്കൊണ്ടുളള ഉത്തരവിനെ ന്യായികരിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്ത്. രാജ്യസഭയിൽ പ്രതിപക്ഷ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അരുൺ ജെയ്റ്റ്ലി.
“യുപിഎ സര്‍ക്കാര്‍ 2009ല്‍ പുറത്തിറക്കിയ ഉത്തരവ് ഡിസംബറില്‍ വീണ്ടും പുറപ്പെടുവിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. മൺപുറ്റുകൾ പോലും ഇല്ലാത്തടുത്താണ് പ്രതിപക്ഷം മലകൾ നിർമ്മിക്കാൻ ശ്രമിക്കുന്നത്,” അരുൺ ജെയ്റ്റ്ലി പറഞ്ഞു.
നിയമപ്രകാരമാണ് പത്ത് ഏജന്‍സികള്‍ക്ക് കംപ്യൂട്ടറിലെ ഏത് ഡറ്റയും പരിശോധിക്കാന്‍ അനുമതി നല്‍കിയത്. അതാത് കാലത്ത് രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ചില ഏജന്‍സികളെ നിരീക്ഷണത്തിന് ചുമതലപ്പെടുത്താറുണ്ടെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
രാജ്യത്തെ കംപ്യൂട്ടറുകളിലെ ഡാറ്റകൾ പരിശോധിക്കുന്നതിന് പത്ത് ഏജൻസികളെ ചുമതലപ്പെടുത്തിക്കൊണ്ടുളള ഉത്തരവ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗ്വാബ പുറത്തിറക്കിയത്. കംപ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്നതോ, അയച്ചതോ, സ്വീകരിച്ചതോ ആയ വിവരങ്ങൾ പരിശോധിക്കുകയോ, പിടിച്ചെടുക്കുകയോ ചെയ്യാമെന്നാണ് ഉത്തരവിൽ പറയുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിൽ ഇന്റലിജൻസ് ബ്യൂറോ, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സ്, ഡയറ്റക്റ്ററേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ്, കമ്മീഷണർ ഓഫ് പൊലീസ് എന്നീ എജൻസികൾക്കാണ് ഡാറ്റ പരിശോധിക്കാനുള്ള ചുമതല.