മൂന്നു ദശാബ്ദം മുന്‍പുള്ള, ജനാധിപത്യത്തിന്റെ മഹത്തായ പുനരുജ്ജീവനത്തിന്റെ മഹത്തായ യുഗത്തിന്റെ അവസാനമാണു ടിഎന്‍ ശേഷന്റെ കടന്നുപോക്ക്. തൊണ്ണൂറുകളുടെ ആദ്യ പാദത്തില്‍, മര്‍ക്കടമുഷ്ടിക്കാരായ രാഷ്ട്രീയനേതാക്കളുടെ മനസില്‍ അദ്ദേഹം ഭയം കോരിയിട്ടെങ്കിലും സാധാരണക്കാരുടെ മനസില്‍ അദ്ദേഹത്തിനോടുള്ള ബഹുമാനം വര്‍ധിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ മഹത്വത്തില്‍ അധിഷ്ഠിതമാണു പിന്‍ഗാമികളായ എല്ലാ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്മാരുമെന്നു പറയാന്‍ എനിക്ക് ഒട്ടും മടിയില്ല. എന്നാല്‍ അദ്ദേഹവുമായുള്ള താരതമ്യം ഞാനുള്‍പ്പെടെയുള്ള പിന്‍ഗാമികളെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരുന്നു.
തിരഞ്ഞെടുപ്പ് നിരീക്ഷികനായി നിരവധി തവണ അദ്ദേഹത്തിനു കീഴില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മണ്ഡലമായ ബിഹാറിലെ ദനാപുരിലേക്ക് ഒരിക്കല്‍ അദ്ദേഹം എന്നെ അയച്ചു. മറ്റൊരിക്കല്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത താമസിച്ചിരുന്ന (ടി.എന്‍.ശേഷന്റെ കൂടി വീടുണ്ടായിരുന്ന) മൈലാപ്പൂരിലേക്കാണ് എന്നെ അയച്ചത്. ഇരു നേതാക്കളുമായും അദ്ദേഹം നിരന്തര പോരടിച്ചിരുന്നതിനാല് എന്റെ കഠിനമായ ജോലി കൂടുതല്‍ കഠിനമാക്കി.
എന്നെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിച്ച 1996ലെ ബിഹാര്‍ തിരഞ്ഞെടുപ്പ് ഓര്‍ക്കുകയാണ്. എന്റെ ഉത്തരവാദിത്തം സംബന്ധിച്ച വിശദീകരണം അദ്ദേഹം അവസാനിപ്പിച്ചത് ഉറപ്പുള്ള ഈ വാക്കുകളോടെയായിരുന്നു: ‘ഭയപ്പെടേണ്ട. ഒന്നും സംഭവിക്കില്ല, ഒരു ബോംബ് നിങ്ങളുടെ മേല്‍ പതിക്കുമെന്നതും ഒരു വെടിയുണ്ട നിങ്ങളുടെ വയറിലൂടെ കടന്നുപോകുമെന്നതും ഒഴികെ.’ അതു ശരിയായിരുന്നു. ഏതാനും വാരകള്‍ക്കകലെ രണ്ടു ബോംബ് സ്ഫോടനങ്ങളാണു ഞാന്‍ കണ്ടത്. ഭാഗ്യവശാല്‍ തുളവീഴാത്ത വയറുമായി ഞാന്‍ തിരിച്ചെത്തി.
ആദരം കലര്‍ന്ന ഭയം കൊണ്ട് അദ്ദേഹം ഭീകരതയുടേതായ അതിര്‍ത്തി നമ്മില്‍ സൃഷ്ടിച്ചു. അദ്ദേഹത്തോട് തര്‍ക്കിക്കാനുള്ള ധൈര്യം ആര്‍ക്കുമുണ്ടായിരുന്നില്ല, അദ്ദേഹത്തോട് ഇടയാനും. പക്ഷേ, പുറമെ പരുക്കനായിരുന്നെങ്കിലും മൃദവായ ഹൃദയത്തിനുടമായിരുന്നു അദ്ദേഹം.
മറ്റൊരിക്കല്‍, ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് മേഖലയില്‍ ഞാന്‍ നിരീക്ഷകനായി നിയോഗിക്കപ്പെട്ടു. ഇടുപ്പ് തെറ്റിയ എനിക്ക് ഗിരിവര്‍ഗ മേഖലയിലെ മോശം റോഡുകള്‍ വെല്ലുവിളിയായേക്കാമായിരുന്നു. എന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് നഗരപ്രദേശത്തെ മണ്ഡലത്തിലേക്കു നിയമനം മാറ്റിത്തരാന്‍ ധൈര്യം സംഭരിച്ച് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. വളരെ സ്നേഹത്തോടെ അദ്ദേഹം എന്നെ നിരീക്ഷക ചുമതലയില്‍നിന്ന് ഒഴിവാക്കിത്തന്നു.
ഞാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണായി നിയമിതനായപ്പോള്‍ അദ്ദേഹത്തിന്റെ അനുഗ്രഹം തേടാന്‍ ചെന്നൈയിലെ വസതിയില്‍ പോയിരുന്നു. വളരെയധികം വാത്സല്യത്തോടെ പെരുമാറിയ അദ്ദേഹം, എനിക്കു സമ്മാനങ്ങള്‍ നല്കാന് സൗമ്യയായ ഭാര്യയോട് ആവശ്യപ്പെട്ടു. അവര്‍ അകത്തുനിന്നു കൊണ്ടുവന്ന കുറച്ച് വസ്തുക്കളില്‍നിന്ന് ചന്ദനത്തില്‍ തീര്‍ത്ത ഗണേശവിഗ്രഹം ഞാന്‍ തെരഞ്ഞെടുത്തു.
Read Also: ടി.എൻ.ശേഷൻ അന്തരിച്ചു; സംസ്കാരം ഇന്ന്
‘ദ ഗ്രേറ്റ് മാര്‍ച്ച് ഓഫ് ഡെമോക്രസി: സെവന് ഡിക്കേഡ്സ് ഓഫ് ഇന്ത്യാസ് ഇലക്ഷന്‍സ്’ എന്ന പേരില്‍ ഏതാനും മാസം മുന്‍പ് ഞാനൊരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതിലൊരു അധ്യായം, തെരഞ്ഞെടുപ്പ് സംവിധാനത്തിലെ കാര്യങ്ങള്‍ നേരെയാക്കാന്‍ താന്‍ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് ടിഎന്‍ ശേഷന് എഴുതിയതായിരുന്നു. ശേഷനെക്കുറിച്ച് ഫ്രഞ്ച് പ്രൊഫസര്‍ ക്രിസ്റ്റോഫ് ജാഫ്റെലോട്ട് എഴുതിയ മറ്റൊരു അധ്യായവും പുസ്തകത്തിലുണ്ടായിരുന്നു.
ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുകുമാര്‍ സെന്‍, തെരഞ്ഞെടുപ്പ് കമ്മിഷനെ അധികാരം, വിശ്വാസം, സുതാര്യത എന്നിവയുടെ പുതിയ ഉയരങ്ങളിലേക്കു എത്തിച്ച ടിഎന്‍ ശേഷന് എന്നീ രണ്ടു മഹാരഥന്മാര്‍ക്കു പുസ്തകം സമര്‍പ്പിക്കാന്‍ കഴിഞ്ഞുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യമാണ്.
എന്റെ ഇനിയുള്ള ജീവിതത്തില്‍ മറ്റൊരു ടിഎന്‍ ശേഷനെ ലഭിക്കണമേയെന്നാണ് എന്റെ പ്രാര്‍ഥന.
(2010 ജൂലൈ 30-2012 ജൂണ്‍ 10 കാലയളവില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു എസ്വൈ ഖുറൈഷി)