തിരശ്ശീലയിലെ പിണച്ചുവയ്ക്കപ്പെടാത്ത കാലുകള്‍ ലോകത്തെ തന്നെ വഴിതെറ്റിക്കാന്‍ പോന്നതാണന്ന അപഖ്യാതി പിറന്നിട്ട് മൂന്ന് പതിറ്റാണ്ടായെങ്കിലും വശീകരിച്ച് മനംമയക്കുന്ന പെണ്‍പെരുമാറ്റത്തെ കുറിക്കാന്‍ ‘ബേസിക് ഇന്‍സ്റ്റിങ്റ്റി’ലെ ആ ചൂടന്‍ രംഗം ഇന്നും ഉദാഹരിച്ച് വരുന്നു. ബോറിസ് ജോണ്‍സന്റെ ശ്രദ്ധ തിരിക്കാനായി ‘ബേസിക് ഇന്‍സ്റ്റിങ്റ്റി’ലെ ഷാരണ്‍ സ്‌റ്റോണ്‍ കാല് ചലിപ്പിച്ചതു പോലെ താന്‍ ചെയ്തുവെന്ന രാഷ്ട്രീയ എതിരാളികളുടെ വാക്കുകള്‍ ഉദ്ധരിച്ച് പ്രത്യക്ഷപ്പെട്ട ലേഖനത്തെ മുന്‍നിര്‍ത്തി ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ഏയ്ഞ്ചല റെയ്‌നര്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിലെ സ്ത്രീവിരുദ്ധതയും ലിംഗവിവേചനവും എന്താണെന്ന് തുറന്നുകാട്ടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ‘പരോക്ഷമായി റെയ്‌നറെ ഉന്നമിട്ടുള്ള സ്ത്രീവിരുദ്ധ പരാമര്‍ശത്തെ അപലപിക്കുന്നു’വെന്ന് ബോറിസ് ജോണ്‍സന്‍ ട്വീറ്റ് ചെയ്യുകയും ലേഖനത്തെ തള്ളപ്പറയുകയുമുണ്ടായി.
2017 ലെ ‘മീ ടു’ തരംഗത്തില്‍ തുറന്നുകാട്ടപ്പെട്ട ഉന്നതന്‍മാരെ പരിഗണിക്കുമ്പോൾ, വസ്ത്ര വിളുമ്പുകളുടെ ഉലച്ചിലിനെ ചൊല്ലി അശ്ലീല സല്ലാപങ്ങളിലേര്‍പ്പെടുകയെന്നത് സമൂഹത്തില്‍ നിലയും വിലയുമുള്ള പുരുഷന്‍മാര്‍ക്ക് അല്‍പ്പം ഭീതിദമായ ഒന്നാണെന്നു ചിലരെങ്കിലും സങ്കൽപ്പിക്കും. പൊതു സംവാദത്തിനുതകുന്ന വിധത്തിലേക്കു ഭാഷയെയും ചര്‍ച്ചകളെയും പരുവപ്പെടുത്താനായെന്നതാണ് മീടു മൂവ്‌മെന്റിന്റെ പരിണിതഫലം. ‘ആസ് മാന്‍’ എന്നും ‘ലോക്കര്‍ റൂം ടോക്ക്’ എന്നും, ‘ആണുങ്ങള്‍ എന്നും ആണുങ്ങളാണ്’ എന്നൊക്കെയുള്ള തരം പറച്ചിലുകള്‍ക്കൊപ്പം പ്രചാരം നേടിയിട്ടില്ലെങ്കിലും സ്ത്രീകളുടെ കാലുകള്‍ നോക്കി ചുറ്റിപ്പറ്റി നടക്കുന്ന പുരുഷനെ ലെഗ് മാന്‍ (ആ വിളി അസഹ്യവും അനാവശ്യവുമാണെങ്കില്‍ക്കൂടി) എന്ന് വിശേഷിപ്പിക്കാറുണ്ട്. കാലഹരണപ്പെട്ട ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുന്നവർ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇന്നത്തെ സിറ്റ്‌കോമുകളില്‍ പോലും ഒരു കഥാപാത്രത്തെപ്പോലും ജനപ്രിയ പരിപാടിയായ MAS*H ലെ ‘ഹോട്ട് ലിപ്സ് ഹൂളിഗൻ’ പോലെ കേവലമൊരു ശരീരാവയവമായി മാത്രം അവതരിപ്പിക്കാറില്ല. എന്നിട്ടും രാഷ്ട്രീയമായും അല്ലാതെയുമുള്ള സംഭാഷണങ്ങളില്‍ പോലും സ്ത്രീയുടെ ശരീരഭാഗങ്ങളെ മൂടിവയ്ക്കുന്നതോ അനാവൃതമാക്കുന്നതോ അസംഭവ്യമാണെന്ന് കരുതേണ്ടി വരും.
1960 കള്‍ മുതല്‍ക്കെ മിനി സ്‌കര്‍ട്ടുകള്‍ ഹിന്ദി സിനിമകളില്‍ ദൃശ്യമാണ്. ഇതില്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതും ആദ്യത്തേതുമെന്ന് പറയാവുന്നത് ‘ബോബി’യില്‍ ഡിംപിള്‍ കപാഡിയ ധരിക്കുന്ന പുള്ളിപ്പൊട്ട് ടോപ്പും കറുത്ത പാവാടയുമാണ്. നീണ്ട് കൊലുന്നനെയുള്ള കാല് കാണിക്കുന്ന ആദ്യ ‘നല്ലനടി’യും അവരായി. അങ്ങനെ ചടുലമായ മോഹനിമാരില്‍നിന്നും മിനി സ്‌കര്‍ട്ടിന് രക്ഷ കൈവന്നുവെന്ന് പറയാം.
Also Read: എന്തുകൊണ്ടാണ് മുസ്‌ലിങ്ങൾക്കിടയിലെ ജാതി പഠിക്കേണ്ടത്
ജനകീയ സംസ്‌കാരത്തിലെങ്ങും സ്‌കര്‍ട്ടുകളും ഷോര്‍ട്‌സുകളും ബിക്കിനിയും കാണാം. പക്ഷേ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടാണ് ഡല്‍ഹിയിലെ ഒരു മാളിലേക്ക് മിനി സ്‌കര്‍ട്ടും ധരിച്ച് പോയാലുണ്ടാകാവുന്ന ‘അനാവശ്യ ശ്രദ്ധ’യെ കുറിച്ച് കൗമാരാക്കാരായ പെണ്‍മക്കള്‍ കൂട്ടുകാരുമായി വീറോടെ ചര്‍ച്ച നടത്തുന്നതും അത് വാക്കേറ്റമാകുന്നതുമെല്ലാം ശ്രദ്ധയില്‍പ്പെട്ടത്. വീട്ടുകാരുടെയും വീടിനുള്ളിലെയും വിശാല ചിന്താഗതിയും പുറത്തെ സമൂഹവും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടലിന്റെ ഒരു രൂപം മാത്രമാണത്. അതുകൊണ്ടു തന്നെ പെണ്‍കുട്ടികള്‍ കാല് കാണിച്ചോ, എത്ര വരെ, എവിടെ എന്നതെല്ലാം ഓരോ വീട്ടിലും കനപ്പെട്ട ചര്‍ച്ചയ്ക്ക് വഴിവയ്ക്കാറുണ്ട്. നഗരങ്ങളിലെ യുവതയ്ക്കു വസ്ത്രത്തിലൂടെ സ്വയം പ്രകാശനം നടക്കുന്നുവെന്ന് തോന്നുമ്പോള്‍ മാതാപിതാക്കള്‍ സുരക്ഷയെക്കുറിച്ചും മറ്റുള്ളവരെന്ത് പറയും എന്നതിനെക്കുറിച്ചും പരോക്ഷമായെങ്കിലും ആകുലരാണ്.
വസ്ത്രധാരണത്തിന്മേല്‍ ആളുകള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും ഒളിഞ്ഞുനോട്ടങ്ങളും എല്ലാ സ്ത്രീകളും പറയുന്നതുപോലെ അരോചകവും അസുഖകരവുമാണ്. പാന്റ്‌സിലും ജാക്കറ്റിലും സൗകര്യപ്രദമായി ഇരിക്കാമെന്നിരിക്കെ തന്നെ പാര്‍ലമെന്റിലെ കരുത്തരായ സ്ത്രീകള്‍ പോലും കൊടും ശൈത്യത്തിലും സാരിയും സല്‍വാര്‍ കമ്മീസുമാണ് ധരിക്കുന്നത്. മറിച്ച് സൗകര്യപ്രദമായ വേഷം ധരിച്ചാല്‍ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വരെ അത് വരുത്തിവയ്ക്കുന്ന പുകിലുകളെക്കുറിച്ച് അവര്‍ ബോധവാന്‍മാരാണെന്നതാണ് കാര്യം. ക്രമേണ അവരെന്ത് പറയുന്നുവെന്നതില്‍നിന്ന് ശ്രദ്ധ മാറി, അവരെന്ത് ധരിക്കുന്നുവെന്നതിലേക്കു സംസാരം നീങ്ങും. സദാചാര പൊലീസ് കൊടികുത്തി വാഴുന്ന നാട്ടില്‍ സ്വന്തം യുദ്ധമേത്, പോരാട്ടഭൂമിയേതെന്ന് സ്വയമെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.
ഇക്കഴിഞ്ഞ വർഷം നടന്ന സംഭവം തന്നെ ഉദാഹരണമായി പറഞ്ഞാല്‍ വളരെ മിടുക്കിയായ, സ്വന്തം മേഖലയില്‍ കഴിവ് തെളിയിച്ച രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീ, കീറലുകളും വിള്ളലുമുള്ള ട്രെന്‍ഡിയായ ജീന്‍സ് ധരിച്ചെത്തിയത് ചോദ്യം ചെയ്തത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിക്കു മാപ്പ് പറയേണ്ടി വന്നു. അവരുടെ വസ്ത്രധാരണത്തെയും വ്യക്തിത്വത്തെയും കൂട്ടിക്കെട്ടാന്‍ നടത്തിയ ശ്രമത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഹീനമായ വിമര്‍ശനം നടത്തിയതെന്ന് വ്യക്തമാണ്. സ്ത്രീകളുടെ വസ്ത്രങ്ങളില്‍നിന്ന് ലൈംഗികതയെ വേര്‍പിരിച്ചെടുക്കുക അസംഭവ്യമാണെന്ന് കരുതുന്ന ലോകമാണിത്. പുരുഷാരത്തെ വശീകരിക്കുകയാണ് പെണ്ണുടുപ്പുകളുടെ പരമമായ ലക്ഷ്യമെന്നവര്‍ കരുതുന്നു. “ബേസിക് ഇന്‍സ്റ്റിങ്റ്റി”ലെ നായകന്റെ അടക്കിപ്പിടിച്ച രോഷം പോലെ ചിലകാര്യങ്ങള്‍ ഒരിക്കലും മാറില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണ്.
- ഹട്കെ ഫിലിംസ് ഡയക്ടറാണ് ലേഖിക