മോദി സർക്കാരിന്രെ സാമ്പത്തിക നയങ്ങൾ സൃഷ്ടിച്ച് പ്രത്യാഘാതങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതങ്ങളെ കുറിച്ച് ആഞ്ഞടിച്ച ബി ജെ പി മുതിർന്ന നേതാവും മുൻധമന്ത്രിയുമായ യശ്വന്ത് സിൻഹയ്ക്ക് തൊട്ടുപിന്നാലെ ആർ എസ് എസ്സും കരുതലോടെ സമ്പദ് രംഗത്തെ വിലയിരുത്തുന്നു. മോദി സർക്കാരിനെ കുറിച്ചുളള സ്തുതിപാടൽ തുടരുന്നുണ്ടെങ്കിലും അതിൽ നേരിയ വ്യത്യാസം വരുന്നതായാണ് കഴിഞ്ഞ ദിവസത്തെ ആർ​എസ് എസ് മേധാവി മോഹൻ ഭാഗവതിന്രെ പ്രസംഗം വ്യക്തമാക്കുന്നത്.

നോട്ട് നിരോധനവും ജി എസ് ടിയും ഒക്കെയായി സാമ്പത്തിക രംഗം ആകെ തകർന്നുതുടങ്ങിയെന്ന് ബി ജെ പിയിലെ ഒരു വിഭാഗം സമ്മതിച്ചു. അതിന്രെ തെളിവായിരുന്നു യശ്വന്ത് സിൻഹയുടെ പരസ്യമായ വിമർശനം. നോട്ട് നിരോധനം തുടങ്ങിയപ്പോൾ തന്നെ സാമ്പത്തിക ശാസ്ത്രത്തിന്രെ​ അടിസ്ഥാന ധാരണകളുളളവർ രാഷ്ട്രീയത്തിന് അതീതമായി ഇതിലെ അബദ്ധവും അപകടവും വ്യക്തമാക്കയിരുന്നു.​എന്നാൽ അവരെ രാജ്യദ്രോഹികളെന്ന് വിളിക്കാനും മോദിയെയും ഒപ്പം നിന്നവരെയും സ്തുതിപാടാനും മാത്രമായി നിന്ന സംഘങ്ങളിൽ ഇപ്പോൾ മാറ്റമുണ്ടാകുന്നുവെന്നതാണ് സൂചന.

എന്നാൽ ഈ മാറ്റം എത്രത്തോളം ഗുണകരമാണ് എന്നത് ഗൗരവത്തോടെ പരിശോധിക്കേണ്ടാതാണ്. ജി എസ് ടി നടപ്പാക്കാനുളള ശ്രമത്തെ മോദിയുടെ തന്നെ മുൻനിലപാട് ഉയർത്തിക്കാട്ടി എതിർക്കാൻ ശ്രമിച്ചവരെ പോലും വിമർശിക്കുകയായിരുന്നു ആദ്യഘടത്തിൽ മോദിയെ പിന്തുണയ്ക്കന്നവർ ചെയ്തത്. എന്നാൽ ജി എസ് ടി കൂടെ വന്നതോടെ ഇന്ത്യൻ സമ്പദ് രംഗം ആകെ തകിടം മറിയുകയാണെന്ന വിലയിരുത്തലാണ് ബി ജെ പിയിലെ ഒരു വിഭാഗത്തിനും ആർ എസ് എസിലും രൂപപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷകർ,  യശ്വന്ത് സിൻഹയുടെയും ഭാഗവതിന്രെയും സമീപനങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നു.

ആർ എസ് എസ് സ്ഥാപക ദിനം കൂടിയായ വിജയദശമി ദിനത്തിൽ നടത്തിയ കഴിഞ്ഞ മൂന്ന് പ്രസംഗങ്ങളിലും മോദി സർക്കാരിനെ അകമഴിഞ്ഞ് പുകഴ്ത്തുകായിരുന്നുവെങ്കിൽ ഇത്തവണത്തെ പ്രസംഗത്തിൽ ആ നിലപാടിന് വ്യത്യാസം വന്നതായി രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു. സമ്പദ് രംഗത്തെ രംഗത്തെ പതനത്തെ കുറിച്ച് തുറന്നടിച്ച് രംഗത്തെത്തിയ യശ്വന്ത് സിൻഹയെ പിന്തുണച്ച് മുതിർന്ന ബി ജെ പി നേതാക്കൾ എത്തിയിരുന്നു.

യശ്വന്ത് സിൻഹയുടെ മകനും വ്യോമയാന സഹമന്ത്രിയുമായ ജയന്ത് സിൻഹയെ രംഗത്തെിറക്കിയെങ്കിലും യശ്വന്ത് സിൻഹ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയാൻ ധനമന്ത്രി അരുൺ ജെയ്‍‌റ്റിലിക്കോ പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ സാധ്യമായില്ല. പകരം പരിഹാസത്തിന്രെ വഴിയാണ് ജെയ്‌റ്റിലി തേടിയത്. ഒപ്പം മകൻ ജയന്ത് സിൻഹയെ യശ്വന്ത് സിൻഹയ്ക്കെതിരെ പറയിക്കാനുമുളള ശ്രമം അതിനെയും യശ്വന്ത് സിൻഹ കണക്കിന് ആക്രമിച്ചു. കണക്കുകളും വസ്തുതകളും കൊണ്ടുളള യശ്വന്ത് സിൻഹയുടെ ആക്രമണങ്ങളെ നേരിടാനാകാതെ ഭരണാധികാരികൾ പിന്നാക്കം പോയി. നോട്ട് നിരോധനത്തിന്രെ തുടക്കത്തിൽ മൻമോഹൻ സിങ് ഇതിനെ വിമർശിച്ചപ്പോൾ മഴക്കോട്ടിട്ട് കുളിക്കുന്നയാൾ​ എന്ന വിമർശനവുമായി വന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം പോലെ പാളിപ്പോയി അരുൺ ജെയ്‌റ്റിലിയുടെ യശ്വന്ത് സിൻഹ വിമർശനവും. കണക്കുകളും വസ്തുതകളും തങ്ങളുടെ നിലപാടുകളിലെ പാളിച്ചകളാണ് വ്യക്തമാക്കുന്നതെന്ന് എന്നതിനാൽ വ്യക്തി അധിക്ഷേപം കൊണ്ട് മറികടക്കാനായിരുന്നു മോദിയുടെയും ജെയ്‌റ്റ്‌ലിയുടെയും ശ്രമമെന്ന് വ്യക്തമാക്കുന്നതാണ് രണ്ട് സംഭവങ്ങളും.

കഴിഞ്ഞ വർഷം  വിജയദശമി നാളിൽ നടന്ന പ്രസംഗത്തിൽ വരെ കണ്ണടച്ച് സർക്കാരിനെ സ്തുതിച്ച ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് ഇത്തവണ കരുതലോടെയാണ് നീങ്ങിയത്. ആർ എസ് എസിന്രെ കണ്ണിലെ എക്കാലത്തെയും കരടായ കേരളത്തിനെതിരായ വിദ്വേഷ​പ്രചാരണത്തിലും വർഗീയതിയലും കണ്ണൂന്നുക മാത്രമല്ല, കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിനെ ചെറുതായൊന്ന് അസ്വസ്ഥമാക്കുന്ന രീതിയിൽ സാമ്പത്തിക അവസ്ഥയിലെ പ്രശ്നങ്ങളെ സൂചിപ്പിക്കാനും അദ്ദേഹം മറന്നില്ല.

കാര്യക്ഷമതയും സെൻസിറ്റിവിറ്റിയും ഭരണ സംവിധാനങ്ങളുടെ ഭാഗമായുണ്ടാകണമെന്നായിരുന്നു ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന്രെ പ്രഭാഷണത്തിലെ പ്രധാന വാചകങ്ങളിലൊന്ന്. സമൂഹത്തിലെ താഴെ തട്ടിലെ അവസാനയാളിന് വരെ ഗുണം ലഭിക്കണം. തൊഴിൽ എന്നാൽ ജോലി ചെയ്യുന്നയാളിന് ആവശ്യമായ വേതനം ലഭിക്കുന്നതാവണം എന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഇത് മാനദണ്ഡമാക്കിയാൽ ചെറുകിട, കാർഷിക, പരമ്പരാഗത മേഖലകളാണ് തൊഴിൽദായകരായി മാറുന്നത്. ഇവർക്ക് വരുമാനം ലഭിക്കുന്നതാകണം, ഇവരെ പരിഗണിക്കുന്നതാകണം സർക്കാർ നിലപാടുകളെന്ന് അദ്ദേഹം വ്യക്തമാക്കി.  നോട്ട് നിരോധനവും ജി എസ് ടിയും ഉൾപ്പടെയുളള സാമ്പത്തിക നയം മാറ്റം ഏറ്റവും അടിസ്ഥാനപരമായി ബാധിച്ചത് സാധാരണ ജനങ്ങളെയാണ്.   സാമ്പത്തിക രംഗത്ത് പ്രശ്നങ്ങളുണ്ടെന്ന് സമ്മതിക്കുന്ന ഭാഗവതിന്രെ ​പ്രസംഗം ആദ്യമായി മോദി സർക്കാരിനെതിരായ ആർ എസ് എസിന്റെ വിമർശന പത്രം കൂടിയാണെന്നത് ശ്രദ്ധേയമാണ്.

എന്നാൽ ഇതേസമയം തന്നെ, മുസ്‌ലിം വിരുദ്ധതയും കേരളത്തോടുളള വിദ്വേഷ ക്യാംപെയിനും​ ഭാഗവതിന്രെ തെളിഞ്ഞു. റോഹിങ്ക്യൻ വംശജരെ അഭയാർത്ഥികളായി കാണുന്നതിനെതിരായ സമീപനവും മാറ്റിയിട്ടില്ല. ഗോ രക്ഷകരോടുളള സമീപനത്തിലും ആർ എസ് എസ് മേധാവിയുടെ സമീപനത്തിൽ മാറ്റമില്ല. ദോക്‌ലാം വിഷയത്തിലും ഭാഗവത് സർക്കാരിനെ പുകഴ്ത്തി. എന്നാൽ സാമ്പത്തിക വിഷയത്തിൽ സർക്കാരിന് പുകഴ്ത്തൽ ഉണ്ടായില്ല. അതായത് സാമ്പത്തിക രംഗത്തെ തിരിച്ചടി താഴെ തട്ടിൽ ജനങ്ങളിൽ അസ്വസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്ന തിരച്ചറിവാണ് ആർ എസ് എസ് മേധാവിയുടെ വിജയദശമി പ്രഭാഷണത്തിന്രെ അടിസ്ഥാനം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

എന്നാൽ ഗോ സംരക്ഷരുടെ സമീപനവും കാർഷിക മേഖലയെയും സാധാരണ ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയെയും ബാധിച്ചിട്ടുണ്ടെന്നതിനെ വിലിയരുത്താനുളള സമീപനം ആർ​എസ എസ് മേധാവിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇത് വ്യക്തമാക്കുന്നത് ആർ എസ് എസ് ദലിത്,​ആദിവാസി തുടങ്ങിയ ജനവിഭാഗങ്ങളെയും കർഷക തൊഴിലാളി വിഭാഗങ്ങളെയും ആ അർത്ഥത്തിൽ കണക്കിലെടുത്തിടുത്തിട്ടില്ല, മുസ്‌ലിം ജനവിഭാഗത്തോടുളള സമീപനം തന്നെയാണ് ഭക്ഷ്യ കാര്യത്തിൽ ഈ വിഭാഗങ്ങളോടും സ്വീകരിക്കുകയെന്നതാണെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook