അഹിംസയെയും ഗാന്ധിയൻ സമരമാർഗത്തെയും കുറിച്ച പറയുന്ന നാട്ടിൽ ആ വഴികളിലൂടെ നടന്ന ഒരു സ്ത്രീയെ തോൽപ്പിക്കാനായി ഒരു തിരഞ്ഞെടുപ്പ്. അതായിരുന്നു മണിപ്പൂരിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് നൽകുന്ന തിരിച്ചറിവ്.

ഭരണകൂടം സ്വന്തം ജനതയ്ക്കു മേൽ നടത്തുന്ന അടിച്ചമർത്തലിനെതിരെ രാഷ്ട്രപിതാവിന്റെ സമരമാർഗത്തിൽ പതിനാറ് വർഷം നിരാഹാരം കിടന്ന, അഹിംസയിൽ അടിയുറച്ച് വിശ്വസിച്ച ഒരാളെ ജനാധിപത്യം തോൽപ്പിച്ചു. തന്റെ സമരമാർഗം വിജയിക്കില്ലെന്ന് കണ്ടപ്പോൾ ജനാധിപത്യത്തിന്റെ വഴിയിൽ പോരാടിനിറങ്ങിയ ഇറോം ചാനു ശർമ്മിളയെ തോൽപ്പിക്കുകായിരുന്നു ഈ തെരഞ്ഞെടുപ്പ്. 2000 നവംബർ രണ്ട് മുതൽ 2016 ഓഗസ്റ്റ് 16 വരെ നീണ്ടുനിന്ന നിരാഹാര സമരം നടത്തിയ ഇറോം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ ഗാന്ധി ഒരു രൂപകം മാത്രമായി മാറിയ ഒരു രാജ്യത്ത് ഇറോമിന്റെ സമരത്തോട് ​ഒട്ടും അനുകൂലമായല്ല, മാറി മാറി വന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രതികരിച്ചത്.

അസം റൈഫിൾസ് എന്ന അർദ്ധ സൈനിക വിഭാഗം 2000 നവംബറിൽ നടത്തിയ കൂട്ടക്കൊലയിൽ പ്രതിഷേധിച്ചാണ് ഇറോം നിരാഹാര സമരമാരംഭിച്ചത്. മാലോം കൂട്ടക്കൊല എന്നറിയപ്പെടുന്ന ഈ​ കുപ്രസിദ്ധ സംഭവം അന്ന് വ്യാപക പ്രതിഷേധിത്തിന് വഴിയൊരുക്കിയിരുന്നു. ഈ കൊലപാതകത്തിൽ അറുപത്തിരണ്ട് വയസ്സുകാരിയ ലെയിങ് ബാം ഇബ്തോമിയം മുതൽ ധീരതയ്ക്കുള്ള ദേശീയ അവാർഡ് ജേതാവായ സിനോം ചന്ദ്രമണിയും ഉൾപ്പെട്ടിരുന്നു. മാലോമിൽ ബസ് സ്റ്റോപ്പിൽ നിന്ന പത്തുപേരാണ് ഇവരുൾപ്പെട ഈ സംഭവത്തി​ൽ കൊല്ലപ്പെട്ടത്. ഇതേ തുടർന്ന ശക്തമായ പ്രക്ഷോഭം മണിപ്പൂരിൽ ആരംഭിച്ചു. മണിപ്പൂരിൽ നടപ്പാക്കിയ ആംഡ് ഫോഴ്സ് സെപ്ഷ്യൽ പവേഴ്സ് ആക്ട് (അഫ്‌പ്സ) പിൻവലിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ പതിനാറ് വർഷങ്ങൾ മാറി മാറി വന്ന സർക്കാരുകൾ​ അടിച്ചമർത്തൽ തുടർന്നു. ജനാധിപത്യത്തിന്റെ വഴിയിൽ തിരഞ്ഞെടുപ്പുകളിലൂടെ അവർ അധികാരത്തിലേറി. നീതി ആവശ്യപ്പെട്ട് ഇറോം നിരാഹാരം കിടന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും അവർക്ക് പിന്തുണ ലഭിച്ചു. എന്നാൽ ഏറ്റവും വലിയ ജനാധിപത്യരാജ്യം മാത്രം അവരോട് ജനാധിപത്യപരമായി പെരുമാറിയില്ല. അവസാനം ഇരുപത്തിയെട്ടാം വയസ്സിൽ അവർ ആരംഭിച്ച ഏകാംഗ പോരാട്ടം നാൽപ്പത്തിനാലാം വയസ്സിൽ അവസാനിപ്പിച്ചു.. നിരാഹാരം അവസാനിപ്പിച്ച ഇറോം അധികാരം നേടിക്കൊണ്ട് അഫ്പ്സ അവസാനിപ്പിക്കാം എന്ന മോഹവുമായാണ് തെരഞ്ഞെടുപ്പ് രംഗത്ത് വന്നത്.

അധികാരത്തിൽ വന്നാൽ അഫ്പ‌സ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇറോം നിയമസഭയിലേയ്ക്കു മത്സരിച്ചത്. എന്നാൽ പതിനാറ് വർഷം നീണ്ടുനിന്ന നിരാഹാരം പിൻവലിച്ചപ്പോൾ മുതൽ ഉണ്ടായ വിയോജിപ്പുകളാണോ എന്നറിയില്ല​ഇറോമിനോട് അനുകൂലമായിരുന്നില്ല അവിടുത്തെ അനുഭവങ്ങൾ. നിരാഹാരം അവസാനിപ്പിക്കാൻ ചൂണ്ടുവിരലിലെടുത്ത് നാവിൽ തൊട്ട തേനിന്റെ മാധുര്യമല്ല പിന്നീട് ഇറോമിന് നേരിടേണ്ടി വന്നത്. തിരസ്കാരത്തിന്റെ കയ്പാണ് രുചിക്കേണ്ടി വന്നത്. തിരഞെടുപ്പിൽ മുഖ്യമന്ത്രിയ്ക്കെതിരായി മത്സരിക്കാനെത്തിയ ഇറോം ജയിച്ചില്ലെങ്കിലും നല്ലൊരു പോരാട്ടം കാഴ്ചവെയ്ക്കുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചത്.​എന്നാൽ വെറും 90 വോട്ടുകൾ മാത്രമാണ് ഇറോമിന് നൽകാൻ അവിടുത്തെ ജനങ്ങൾ തയ്യാറായത്. അതിനേക്കാൾ വോട്ട് നോട്ടയ്ക്കു നൽകുകയും ചെയ്തു. 143 വോട്ടാണ് ഇവിടെ നോട്ടയ്ക്ക് ലഭിച്ചത്.

ഇറോം പതിനാറ് വർഷം നീണ്ടുനിന്ന നിരാഹാര സമരം ആരംഭിക്കുന്നത് അവരുടെ വ്യക്തിപരമായ ആവശ്യത്തിനായി ആയിരുന്നില്ല. സമൂഹം അവർക്കൊപ്പം നിന്നോ ഇല്ലയോ എന്നത് രണ്ടാമത്തെ വിഷയം മാത്രമാണ്. അവർ സമൂഹത്തിന്റെ ആവശ്യത്തിനായാണ്, സമൂഹത്തിൽ നടമാടുന്ന അനീതിക്കെതിരായാണ് പോരാട്ടം നടത്തിയത്. അതിനവർ സായുധമാർഗമല്ല, ജനാധിപത്യത്തിന്റെയും സുതാര്യതയുടെയും അഹിംസയുടെയും മാർഗമാണ് തിരഞ്ഞെടുത്തത്. എന്നിട്ടും അവർ ഒരിക്കലും ഒരു മാസ് ക്യാംപൈനർ ആയില്ല സമരം ജനകീയമാക്കിയില്ല എന്നൊക്കെയാണ് തോൽവിയെ കുറിച്ച് പറയുന്നവർ അതിന് കാരണമായി പറയുന്നത്. അത് സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം അവരുടേതല്ല, അവരുടെ സമരത്തെ പിന്തുണച്ച ജനാധിപത്യ വിശ്വാസികൾക്കും അവർക്കൊപ്പം നിന്നവർക്കുമായിരുന്നു. അത് സംഭവിക്കാതെ പോയതുകൊണ്ടാണ് അവർക്ക് 16 വർഷം നിരാഹാരം കിടക്കേണ്ടിവന്നത്. അവരുമായി ജനാധിപത്യപരമായി ചർച്ച നടത്താനോ പ്രശ്നം പരിഹരിക്കാനോ തയ്യാറാകാത്ത ഭരണകൂടങ്ങളുടെ ജനാധിപത്യ വിരുദ്ധത ചോദ്യം ചെയ്യാൻ ഇന്ത്യയിലെ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് സാധിക്കാത്തതാണ് അതിന്റെ അടിസ്ഥാനം. ബ്രിട്ടീഷുകാർ ഗാന്ധി നിരാഹാരം കിടന്നപ്പോൾ കാണിച്ച ജനാധിപത്യ മര്യാദപോലും തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സർക്കാരുകൾ ഈ സമരത്തോട് കാണിച്ചില്ല. അതിനാൽ തന്നെ അവരുടെ സമരം സമൂഹത്തിന് വേണ്ടിയുളള ഒരു പരാജയപ്പെട്ട പോരാട്ടമായിരിക്കാം. പക്ഷേ അത് ഇന്ത്യൻ ജനാധിപത്യത്തെ വിലയിരുത്തിയ ലിറ്റ്മസ് ടെസ്റ്റായിരുന്നു.
വ്യവസ്ഥാപിതമല്ലാത്ത സമരങ്ങൾക്ക് ലഭിക്കുന്ന പിന്തുണകളെ തിരഞ്ഞെടുപ്പുകളിൽ വോട്ടായി മാറാതിരിക്കുകയും ചെയ്യുന്നത് ഇന്ത്യയെ സംബന്ധിച്ച് പുതിയ സംഭവമല്ല. എന്നാൽ ഒരു ജനത മുഴുവൻ അനുഭവിക്കുന്ന അടിച്ചമർത്തിലിനെതിരെ നടത്തിയ പോരാട്ടം ഒന്നുമല്ലാതാക്കുകയാണ് ഇത്ര ചെറിയ വോട്ടുകളിലേയ്ക്ക് ചുരുങ്ങിയപ്പോൾ സംഭവിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും മേലുളള മൗലികതയെ തന്നെ സംശയത്തിന്റെ നിഴലിലേയ്ക്കു തളളിയിടുന്നതാണ് ഇറോമിന് ലഭിച്ച വോട്ടുകൾ.

തോൽവിയെ തുടർന്ന് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതായും കേരളത്തിലേയ്ക്ക് ധ്യാനത്തിന് വരുന്നതായും ഇറോം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ നിന്നും ഇറോം പുറത്തു കടക്കുമ്പോൾ അത് മറ്റ് ചില സുചകങ്ങൾ കൂടിയാണ്. തിരസ്കൃതയായ ആ പോരാളിയുടെ ഏകാന്തത ജനാധിപത്യത്തെ കുറിച്ചും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചും പുതിയ ചില ചിന്തകൾ കൂടി ഉണർത്തുന്നതാണ്. ഇറോമിനോട് നമ്മുടെ ജനാധിപത്യം ചെയ്തതിന്റെ നൈതികതയെ വിചാരണ ചെയ്യുക ചരിത്രമായിരിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ