കൊൽക്കത്ത: ബുൾബുൾ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചത് കൊൽക്കത്തയിൽ ജനജീവിതത്തെയും ബാധിച്ചു തുടങ്ങി. കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനം 12 മണിക്കൂർ നിർത്തിവയ്ക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ശനിയാഴ്ച ആറുമുതൽ ഞായറാഴ്ച രാവിലെ ആറുവരെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനാണ് തീരുമാനം. കിഴക്കൻ ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന്റെ പ്രവർത്തനമാണ് നിർത്തിവയ്ക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ബംഗാൾ തീരങ്ങളിൽ ആഞ്ഞടിക്കുകയാണ്. ശനിയാഴ്ച ഉച്ചയോടെ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലാണ് ദിഘ മേഖലയിൽ കാറ്റുവീശിയത്. സാഗർ ഐലൻഡ് ഭാഗങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിലും കൊൽക്കത്തയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ 185 കിലോമീറ്റർ വേഗതയിലും കാറ്റുവീശി.

രാത്രിയോടെ കാറ്റു കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ കാറ്റു വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. രണ്ട് മീറ്റർ വരെ ഉയരത്തിൽ തിരമാലകളും അടിക്കാൻ സാധ്യതയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook