/indian-express-malayalam/media/media_files/2026/01/13/army-chief-gen-upendra-dwivedi-2026-01-13-17-04-01.jpg)
കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി (ചിത്രം: എഎൻഐ)
ഡൽഹി: പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും ശത്രുരാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് തരത്തിലുള്ള പ്രകോപനത്തിനും സൈന്യം കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) സ്ഥിതി സുസ്ഥിരമാണെങ്കിലും നിരന്തരമായ ജാഗ്രത ആവശ്യമാണെന്ന് കരസേനാ മേധാവി പറഞ്ഞു. ഭീകരവാദത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിനും പാക്കിസ്ഥാന്റെ കാലാകാലങ്ങളായുള്ള ആണവായുധ ഭീഷണിയുടെ മുനയൊടിക്കുന്നതിനും സൈന്യം നടത്തിയ നീക്കങ്ങൾ സഹായകമായെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ തന്ത്രപരമായ ധാരണകളെ ഓപ്പറേഷൻ സിന്ദുർ പുനർനിർവചിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: അമേരിക്കയുടെ ഇരട്ട നികുതി സമ്മർദ്ദങ്ങൾക്കിടെ ബ്രിക്സ് നയം വ്യക്തമാക്കി എസ്. ജയശങ്കർ
"നിങ്ങൾക്കറിയാവുന്നതുപോലെ, ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണ്. ഭാവിയിലുണ്ടാകുന്ന ഏത് പ്രകോപനത്തെയും സൈന്യം ദൃഢനിശ്ചയത്തോടെ നേരിടും," ജനറൽ ദ്വിവേദി പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരവാദത്തോടുള്ള ഇന്ത്യയുടെ കണക്കുകൂട്ടിയുള്ളതും ശക്തവുമായ പ്രതികരണമാണ് ഇതെന്നും, സൈന്യത്തിന്റെ സന്നദ്ധതയും കൃത്യതയും തന്ത്രപരമായ വ്യക്തതയും ഇത് തെളിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കരയിലൂടെയുള്ള ആക്രമണങ്ങൾക്ക് ആവശ്യമായ രീതിയിൽ സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണരേഖയിലെ സാഹചര്യം നിലവിൽ സ്ഥിരതയുള്ളതാണെങ്കിലും നിരന്തരമായ നിരീക്ഷണം ആവശ്യമാണ്. അതിർത്തിയിൽ സാധാരണ നില വീണ്ടെടുക്കുന്നതിനായി ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ
സർക്കാരിന്റെ സമഗ്രമായ സമീപനത്തിലൂടെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാധാന്യം നൽകുന്നുണ്ട്. ജമ്മു കശ്മീരിലെ സാഹചര്യം നിലവിൽ സെൻസിറ്റീവ് ആണെങ്കിലും പൂർണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും കരസേനാ മേധാവി വ്യക്തമാക്കി.
Read More: മുംബൈയെ ഗുജറാത്തിന് കൈമാറുമെന്ന് ആശങ്ക ഉയർത്തി താക്കറെ സഹോദരങ്ങൾ; മറാത്താവാദം വീണ്ടും ശക്തമാകുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us