ന്യൂഡല്‍ഹി: ആഭ്യന്തരകലാപം രൂക്ഷമായ സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. 367 പേരുടെ ആദ്യ സംഘം സൗദി എയര്‍ലൈന്‍സ് വിമാനം രാത്രി ഒന്‍പത് മണിയോടെയാണ് ഡല്‍ഹിയിലെത്തിയത്.
സംഘത്തില്‍ 19 മലയാളികളുമുണ്ട്. എറണാകുളം കാക്കനാട് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേരും മടങ്ങിയെത്തിയ മലയാളികളില്‍ ഉള്‍പ്പെടുന്നു. ബിജി ആലപ്പാട്ട്, ഷെരോണ്‍ ആലപ്പാട്ട്, മിഷേല്‍ ആലപ്പാട്ട്, റോച്ചല്‍ ആലപ്പാട്ട്, ഡാനിയല്‍ ആലപ്പാട്ട് എന്നിവരാണ് കാക്കനാട് സ്വദേശികള്‍.

കൊല്ലം കൊട്ടാരക്കര സ്വദേശികൾ തോമസ് വർഗീസ്, ഷീലാമ്മ തോമസ് വർഗീസ്, ഷെറിൻ തോമസ് എന്നിവരും ഇടുക്കി കല്ലറ സ്വദേശിയായ ജയേഷ് വേണുഗോപാലുമാണ് മറ്റ് മലയാളികള്‍. ബാക്കി മലയാളികളുടെ പേര് വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്.
സൗദി എയർലൈൻസ് എസ് വി 3620 വിമാനത്തിലായിരുന്നു സംഘം ഡല്‍ഹിയിലെത്തിയത്. നേരത്തെ സുഡാന്‍ തുറമുഖത്ത് നിന്ന് നേവിയുടെ ഐഎന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്.
ഡല്‍ഹിയിലെത്തിയ മലയാളികളെ സംസ്ഥാന സര്‍ക്കാരിന്‍റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കും. ദില്ലിയിലും മുംബൈയിലുമായി എത്തിക്കുന്ന മലയാളികൾക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് സര്‍ക്കാര്‍ നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.
3,000 ഇന്ത്യക്കാര്‍ സുഡാനിലുണ്ടെന്നാണ് നിഗമനം. ഏറ്റുമുട്ടലില്‍ കേരളത്തില്‍ നിന്നുള്ള ഒരാള്‍ കഴിഞ്ഞ വാരം കൊല്ലപ്പെട്ടിരുന്നു. രണ്ട് ആഴ്ചയോളമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇതുവരെ 420 പേരാണ് കൊല്ലപ്പെട്ടത്. 3,700-ലധികം പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്.
പ്രദേശത്ത് വെടിനിര്‍ത്തലിന്റെ സൂചനകളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അക്രമബാധിതമായ ആഫ്രിക്കന്‍ രാഷ്ട്രത്തില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ‘ഓപ്പറേഷന്‍ കാവേരി’ ആരംഭിച്ചത്.