ബെംഗളൂരു: കര്‍ണാടകയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഓപ്പറേഷന്‍ താമരയാണെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ബിജെപിയാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍, എല്ലാ കാര്യങ്ങളും സുഗമമായി നടക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ തുടരും. സര്‍ക്കാരിന് ഭീഷണിയില്ലെന്നും സിദ്ധരാമയ്യ ബെംഗളൂരുവില്‍ പറഞ്ഞു.

കര്‍ണാടകയിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാര്‍ ഇന്ന് എച്ച്.ഡി.ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി. ബെംഗളൂരുവില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിയില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പാര്‍ട്ടി ഓഫീസിന് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമം നടത്തി.

Read Also: മുഖ്യമന്ത്രിയാകാന്‍ ഇല്ലെന്ന് ഖാര്‍ഗെ, എല്ലാം ശരിയാകുമെന്ന് വേണുഗോപാല്‍

ഇപ്പോഴത്തെ പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഡി.കെ.ശിവകുമാര്‍ ദേവഗൗഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. രാജി വച്ച എംഎല്‍എമാര്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

ജെഡിഎസ് നിയമസഭാ കക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വിദേശത്തുള്ള മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഇന്ത്യയിലേക്ക് തിരിച്ചെത്തും. സര്‍ക്കാര്‍ തുടരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വങ്ങള്‍ ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തള്ളി കളഞ്ഞു. അത്തരം വാര്‍ത്തകളെ കുറിച്ച് അറിയില്ലെന്ന് ഖാര്‍ഗെ പ്രതികരിച്ചു. ഇപ്പോഴത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ തുടരണമെന്ന് തന്നെയാണ് ആഗ്രഹം. സഖ്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മറ്റ് വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. രാജിവച്ച ഏതാനും എംഎല്‍എമാര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കണമെന്ന് പറഞ്ഞിരുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

‘എല്ലാം കാത്തിരുന്ന് കാണൂ’ എന്നാണ് ബിജെപി പറയുന്നത്. കര്‍ണാടകയിലെ രാഷ്ട്രീയ നീക്കങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ഇനിയെന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണൂ എന്നാണ് ബി.എസ്.യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്. കുമാരസ്വാമിയും സിദ്ധരാമയ്യയും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ബാധ്യത തനിക്ക് ഇല്ലെന്നും യെഡിയൂരപ്പ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook