യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന ദൗത്യം ലോകത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പറഞ്ഞു. പൂനെയിലെ സിംബയോസിസ് സർവകലാശാലയുടെ സുവർണ ജൂബിലി പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് തൊട്ടുപിന്നാലെ, അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ ഓപ്പറേഷൻ ഗംഗ ദൗത്യം ആരംഭിച്ചിരുന്നു. ഉക്രെയ്നിൽ നിന്ന് ഇതുവരെ ആയിരത്തിലധികം വിദ്യാർത്ഥികളെ ഒഴിപ്പിച്ചതായി മോദി പറഞ്ഞു.
“മറ്റ് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ ബുദ്ധിമുട്ടുന്ന ഒരു സമയത്ത്, നമ്മുടെ ആളുകളെ പുറത്തെത്തിക്കാൻ നമുക്ക് കഴിഞ്ഞു. ലോകത്തിൽ ഇന്ത്യയുടെ സ്വാധീനം വർധിച്ചുവരുന്നതിന്റെ തെളിവാണ് ഇത്,” മോദി പറഞ്ഞു.
കോവിഡ് -19 മഹാമാരിക്കെതിരെ പോരാടുന്നതിൽ പൂനെയുടെ സംഭാവന ലോകമെമ്പാടും അറിയപ്പെടുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “പൂനെ ആസ്ഥാനമായുള്ള വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്, രാജ്യത്തെ 90 ശതമാനത്തിലധികം ആളുകൾക്കും കുത്തിവയ്പ്പ് നടത്താൻ ഉപയോഗിക്കുന്ന കോവിഷീൽഡ് വാക്സിൻ പുറത്തിറക്കി,” അദ്ദേഹം പറഞ്ഞു.