ശ്രീനഗർ: കരൺ നഗറിലെ സിആർപിഎഫ് ക്യാംപിനു സമീപത്തെ കെട്ടിടത്തിൽ ഒളിച്ചിരുന്ന 2 ഭീകരരെ സൈന്യം വധിച്ചു. 28 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനു ശേഷമാണ് സൈന്യം ഭീകരരെ വെടിവച്ചു വീഴ്ത്തിയത്.

ഭീകരരുടെ മൃതദേഹം കണ്ടെടുത്തതായി ജമ്മു കശ്മീർ ഡിജിപി എസ്.പി.വായിദ് അറിയിച്ചു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഭീകരരെ വെടിവച്ചു കൊന്ന സൈന്യത്തെ അദ്ദേഹം അഭിനന്ദിച്ചു.

ഇന്നലെ പുലർച്ചയോടെയാണ് കരൺ നഗറിലെ സിആർപിഎഫ് 23-ാം ബറ്റാലിയൻ ആസ്ഥാനത്ത് എകെ 47 തോക്കുകളുമായെത്തിയ ഭീകരരെ സൈനികൻ കണ്ടത്. ഭീകരർക്കുനേരെ സൈനികൻ വെടിയുതിർത്തെങ്കിലും രക്ഷപ്പെട്ടു. തുടർന്നു പ്രദേശത്തു പരിശോധന നടത്തിയ സൈനികസംഘത്തിനു നേരെ ഭീകരർ വെടിവച്ചു. ഇതിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. സൈനികർ തിരിക വെടിവച്ചപ്പോൾ സിആർപിഎഫ് കേന്ദ്രത്തിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് ഭീകരർ ഓടിക്കയറുകയായിരുന്നു.

ജമ്മുവിലെ സുൻജ്വാൻ കരസേനാ താവളത്തിൽ ആക്രമണം ഉണ്ടായതിനുപിന്നാലെയാണ് കരൺ നഗറിലെ സിആർപിഎഫ് ക്യാംപും ലക്ഷ്യമിട്ട് ഭീകരർ എത്തിയത്. സുൻജ്വാൻ ആക്രമണത്തിൽ അഞ്ചു സൈനികരാണു കൊല്ലപ്പെട്ടത്. ലഷ്കർ തലവൻ മെഹ്മൂദ് ഷാ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ