ജമ്മു: രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾക്കൊപ്പം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിനെ പിടികൂടി ദിവസങ്ങൾക്ക് ശേഷം ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അന്വേഷണം നടത്താൻ ജമ്മു കശ്മീർ പോലീസ് ശുപാർശ ചെയ്തു.

“ഇക്കാര്യത്തിൽ ഒരു എൻ‌ഐ‌എ അന്വേഷണം നടത്താൻ ഞങ്ങൾ ഇതിനകം ശുപാർശ ചെയ്തിട്ടുണ്ട്, കാരണം കൂടുതൽ കാര്യങ്ങൾ പുറത്തുവന്നേക്കാം,” പോലീസ് ഡയറക്ടർ ജനറൽ ദിൽ‌ബാഗ് സിങ് ബുധനാഴ്ച പറഞ്ഞു.
ദേവീന്ദർ സിങ്ങിനെ സസ്‌പെൻഡ് ചെയ്തതിനൊപ്പം അദ്ദേഹത്തെ സേവനത്തിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ ചെയ്തതായും ഡിജിപി പറഞ്ഞു. മുൻ ജമ്മു കശ്മീർ സംസ്ഥാനം 2018ൽ ദേവീന്ദർ സിങ്ങിന് നൽകിയ ധീരതയ്ക്കുള്ള മെഡൽ തിരിച്ചെടുക്കണമെന്നും അവർ ശുപാർശ ചെയ്തിട്ടുണ്ട്.

Read More: പാർലമെന്റ് ആക്രമണം: പോലീസ് ഉദ്യോഗസ്ഥനെ വേട്ടയാടി അഫ്സൽ ഗുരുവിന്റെ നിഴൽ

2001 ലെ പാർലമെന്റ് ആക്രമണത്തിൽ ഡേവിന്ദർ സിങ്ങിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഡിജിപി പറഞ്ഞു. “ഇപ്പോൾ നടക്കുന്ന അന്വേഷണത്തിനിടൽ ഈ വിഷയവും വന്നാൽ, അതും അന്വേഷിക്കും,” അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിനെ കേസില്‍ കുരുക്കിയത് ദേവീന്ദർ സിങ് ആണെന്ന് ആരോപണം ഉയർന്നിരുന്നു. ദേവീന്ദർ സിങിന് പാര്‍ലമെന്റ് ആക്രമണ കേസിലുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്ന് നേരത്തേ കശ്മീര്‍ ഐ.ജി വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ആക്രമണത്തിൽ പങ്കാളിയായതിന് തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന അഫ്സൽ ഗുരു 2004 ൽ തന്റെ അഭിഭാഷകൻ സുശീൽ കുമാറിന് അയച്ച കത്തിൽ ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാളായ മുഹമ്മദിന് ദല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറഞ്ഞിരുന്നു. അയാളേയും കൂട്ടി ദല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടതു കൂടാതെ പ്രതിക്ക് താമസം ഒരുക്കാനും ദേവീന്ദര്‍ സിങ് നിര്‍ബന്ധിച്ചു.

മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ ശാന്തി സിങിന്റെ പേരും അഫ്സൽ കത്തിൽ പരാമർശിച്ചിരുന്നു. ദേവീന്ദർ സിങിനൊപ്പം ഹംഹാമ എസ്ടിഎഫ് ക്യാമ്പിൽ വച്ച് ഇയാളും തന്നെ ഉപദ്രവിച്ചിരുന്നുവെന്ന് കത്തിൽ​ പറയുന്നു. ബുഡ്ഗാമിലെ എസ്എസ്പി അഷാക് ഹുസൈന്റെ (ബുഖാരി) ഭാര്യ സഹോദരൻ അൽതാഫ് ഹുസൈന്റെ” പേരും കത്തിൽ പറയുന്നുണ്ട്. 2013 ഫെബ്രുവരി 9 നാണ് അഫ്സലിനെ തൂക്കിലേറ്റിയത്.

ലഷ്‌കറെ ത്വയിബ്ബ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദ ഗ്രൂപ്പുകളിലെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ക്കൊപ്പം കാറില്‍ ദല്‍ഹിയിലേക്കുള്ള യാത്ര മധ്യേ ആയിരുന്നു ദേവിന്ദര്‍ സിങിനെ പിടികൂടിയത്. ഇതിലെ ലഷ്‌കര്‍ ത്വയിബ്ബ് കമാന്‍ഡര്‍ നവീദ് ബാബു, 2017 വരെ കശ്മീര്‍ പൊലീസിലെ കോണ്‍സ്റ്റബിളായിരുന്നു. പിന്നീടാണിയാള്‍ സേന വിട്ട് ലഷ്‌കറെ ത്വയിബ്ബയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം ധീരതക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ കരസ്ഥമാക്കിയ ദേവീന്ദര്‍ സിങിനെപ്പോലെ പൊലീസിലെ ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനും തീവ്രവാദികളുമായുള്ള ബന്ധം ഇതാദ്യമായാണ് പുറത്തുവരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook