ന്യൂഡല്‍ഹി: നോട്ട് നിരോധനം ഒരു തരത്തിലും കള്ളപ്പണം ഇല്ലാതാക്കാന്‍ സഹായിച്ചിട്ടില്ലെന്ന് മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി.റാവത്ത്. നോട്ട് നിരോധനത്തിന് ശേഷം വന്ന തിരഞ്ഞെടുപ്പുകളില്‍ പഴയതിനെക്കാള്‍ കൂടുതല്‍ കള്ളപ്പണം പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
നിരോധന കള്ളപ്പണം തടയാന്‍ ഒരു തരത്തിലും സഹായകരമായിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ റെക്കോര്‍ഡ് തുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പിടിച്ചെടുത്തത്. 200 കോടിയലധികം ഇതുവരെ പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു. വളരെ സ്വാധീനമുള്ള ഇടങ്ങളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് സമയത്ത് പണം വരുന്നതെന്നും, അതിനെ ചെറുക്കാന്‍ യാതൊരു നടപടികള്‍ക്കും സാധിച്ചിട്ടുമില്ല എന്നതിന്റെ തെളിവാണിത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിന് ശേഷം ലോകത്ത് നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും, അതിനാല്‍ തിരഞ്ഞെടുപ്പിന്റെ നിയമാവലി മുഴുവനായും അവലോകനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി കമ്മിറ്റി രൂപീകരിച്ച് വിശദമായ പഠനങ്ങള്‍ക്ക് ശേഷം നിരവധി ശുപാര്‍ശകള്‍ മുന്നോട്ട് വച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ഈ വര്‍ഷം നിരവധി തിരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. ഈ ശുപാര്‍ശകളുമായി മുന്നോട്ടു പോകാനോ അടുത്ത രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍ക്ക് ആവശ്യമായ നിയമാവലികള്‍ രൂപീകരിച്ച് നിയമ ഭേദഗതിക്കായി മന്ത്രാലയത്തിലേക്ക് അയയ്ക്കാനോ കഴിഞ്ഞില്ലെന്നും, ആ കുറ്റബോധത്തോടെയാണ് താന്‍ പടിയിറങ്ങുന്നതെന്നും അദ്ദേഹം പറയുന്നു.
ശനിയാഴ്ചയാണ് ഒ.പി.റാവത്ത് സ്ഥാനമൊഴിഞ്ഞത്. ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുനില്‍ അറോറ ഞായറാഴ്ച സ്ഥാനമേറ്റെടുത്തിരുന്നു.