ചെന്നൈ: ഊട്ടിക്കടുത്ത് കൂനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിമ റാവത്തും ഉൾപ്പെടെ 13 പേർ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി സംഭവസ്ഥലത്തേക്കു തിരിച്ചു.
അപകടം സംബന്ധിച്ച് വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കുവച്ചു. സംഭവത്തെക്കുറിച്ച് പ്രതിരോധ മന്ത്രി നാളെ പാർലമെന്റിൽ പ്രസ്താവന നടത്തും.
വ്യോമസേനയുടെ എംഐ 17 വി ഹെലികോപ്റ്റര്‍ ഉച്ചയ്ക്കു 12.20നാണു കൂനൂരില്‍ ജനവാസ കേന്ദ്രത്തിനു സമീപം തകര്‍ന്നുവീണത്. കോയമ്പത്തൂരിനു സമീപമുള്ള സുലൂരിലെ വ്യോമസേനാ താവളത്തില്‍നിന്നു വെല്ലിങ്ടണിലേക്ക് പോകുകായിരുന്നു ഹെലികോപ്റ്റര്‍.
ലാന്‍ഡിങ്ങിനു ലക്ഷ്യമിട്ടിരുന്ന ഹെലിപ്പാഡിനു 10 കിലോ മീറ്റര്‍ അകലെയാണു അപകടം നടന്നത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഊട്ടി പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
Also Read: സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണു; നാല് പേർ മരിച്ചു
പരുക്കേറ്റവരെ കൂനൂരിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെ ആറ് മുതിര്‍ന്ന ഡോക്ടര്‍മാരുടെ നേതൃത്തിലുള്ള സംഘം ആശുപത്രിയിലേക്കു തിരിച്ചു.
കൂനൂരിലെ കരസേനാ കേഡറ്റുമാരുടെ പരിപാടിയില്‍ പങ്കെടുക്കാനാണു ബിപിന്‍ റാവത്ത് ഊട്ടിയിലേക്കു തിരിച്ചത്. അദ്ദേഹത്തിനു പുറമെ ഭാര്യ മധുലി റാവത്ത്, സൈനിക ഉദ്യോഗസ്ഥര്‍, ഹെലികോപ്റ്റര്‍ ക്രൂ എന്നിവര്‍ ഉള്‍പ്പെടെ 14 പേരാണു ഹെലികോപ്റ്ററിലുണ്ടായിരുന്നത്..