നിലഗിരി: ഊട്ടിയിലെ നീലഗിരിയല്‍ വിനോദയാത്രയ്ക്ക് പോയി അപകടത്തില്‍ പെട്ട ഏഴ് സുഹൃത്തുക്കളെ ബുധനാഴ്ച്ച് വൈകിട്ടാണ് പൊലീസും വനംവകുപ്പ് അധികൃതരും കണ്ടെത്തുന്നത്. അഞ്ച് പേര്‍ അപകടത്തില്‍ മരിച്ചപ്പോള്‍ രണ്ട് പേര്‍ ഗുരുതരമായി പരുക്കേറ്റ് മാരുതി എര്‍ട്ടിഗ കാറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കല്ലട്ടി- മസിനഗുഡി ചുരത്തില്‍ വെച്ചായിരുന്നു ചെന്നൈ സ്വദേശികളായ ഇവരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞത്. വളഞ്ഞ് പുളഞ്ഞ കുപ്രസിദ്ധമായ ചുരത്തില്‍ വെച്ച് വാഹനം നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് നിഗമനം. രവി വര്‍മ്മ (38), ഇബ്രാഹിം (36), ജയകുമാര്‍ (37), അമര്‍നാഥ് (36), ജൂഡ്സ് (33), ആന്റോ (33) എന്നിവരാണ് മരിച്ചത്. 37 വയസ് വീതമുളള രാമരാജേഷ്, അരുണ്‍ എന്നിവര്‍ ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.

സെപ്തംബര്‍ 30നാണ് സ്റ്റെര്‍ലിംഗ് പേണ്‍ ഹില്‍ റിസോര്‍ട്ടില്‍ ഇവര്‍ മുറിയെടുത്ത്. ഒക്ടോബര്‍ 1ന് രാവിലെ 8.45ഓടെ ഇവര്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ടു. ഒക്ടോബര്‍ 2ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു മുറി ചെക്ക് ഔട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സമയം വൈകിയിട്ടും ഇവര്‍ വരാഞ്ഞത് കാണാതായപ്പോഴാണ് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചത്. ‘ഹോട്ടലില്‍ വരുന്ന സഞ്ചാരികള്‍ എവിടെയാണ് തങ്ങള്‍ പോവുന്നതെന്ന് പറയാറില്ല. ട്രക്ക് ചെയ്യാന്‍ പോയി വനമ്പ്രദേശത്ത് പെട്ടുപോയി കാണും എന്നായിരുന്നു ഞങ്ങളുടെ ആശങ്ക,’ ഹോട്ടല്‍ ജീവനക്കാരനെ ഉദ്ദരിച്ച് ന്യൂസ് മിനുട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്നാണ് ഇവര്‍ നീലഗിരി എസ്പി ഓഫീസില്‍ വിളിച്ച് യുവാക്കളെ കാണാതായ വിവരം പറയുന്നത്. തുടര്‍ന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് തിരച്ചിലിനായി പുറപ്പെട്ടു. ഏഴ് പേരുടെ ഫോണിലും വിളിച്ച് നോക്കിയെങ്കിലും സ്വിച്ച് ഓഫ് ആണെന്നായിരുന്നു പ്രതികരണം. തുടര്‍ന്ന് ഇവരുടെ കോള്‍ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു. അപകടം നടന്നതിന്റെ നാല് കി.മി. ദൂരെ ഹുല്ലാട്ടി എന്ന പ്രദേശത്ത് വെച്ചാണ് ഏഴു പേരുടേയും ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് പൊലീസ് കണ്ടെത്തി.

ഈ സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്. ഊട്ടിയില്‍ നിന്നും സിനഗുഡിയിലേക്കുളള എളുപ്പ മാര്‍ഗമായ കല്ലട്ടി റോഡില്‍ അങ്ങനെയാണ് പൊലീസ് എത്തുന്നത്. നിബിഡ വനവും അപകടകരമായ ഹെയര്‍പിന്‍ വളവുകളുമുളള കല്ലട്ടിയില്‍ തന്നെയാവാം ഇവരെ കാണാതായതെന്ന് പൊലീസ് സംശയിച്ചു. അപകടം നിറഞ്ഞ റോഡ് ആയത് കൊണ്ട് തന്നെ മറ്റ് ജില്ലകളില്‍ നിന്നുളള വാഹനങ്ങള്‍ ഇതുവഴി കടത്തിവിടാറില്ല. കൂടാതെ മണിക്കൂറില്‍ 20 കി.മി. വേഗതയില്‍ മാത്രമാണ് ഇവിടെ വാഹനങ്ങള്‍ ഓടിക്കാനുളള അനുവാദം.

കല്ലട്ടി-മസിനഗുഡി റോഡിലെ 35ാം ഹെയര്‍പിന്‍ വളവില്‍ വൈകിട്ട് 3.45ഓടെയാണ് വാഹനം കണ്ടെത്തുന്നത്. സ്ഥലത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവിടെ തിരച്ചില്‍ നടത്തിയത്. ഒക്ടോബര്‍ 1ന് യാത്ര ആരംഭിച്ച് രാവിലെ 9.45ഓടെയാണ് ഇവരുടെ ഫോണ്‍ സിഗ്നല്‍ നഷ്ടമാകുന്നത്. അപ്പോള്‍ തന്നെയാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം.പൊലീസ് സ്ഥലത്ത് എത്തുമ്പോള്‍ അഞ്ച് മൃതദേഹങ്ങളും അഴുകിയിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരും കാറില്‍ അനക്കില്ലാതെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏഴ് പേരുടേയും കുടുംബങ്ങള്! എന്ത് കൊണ്ട് പൊലീസിനെ നേരത്തേ ഇവരുടെ തിരോധാനത്തെ കുറിച്ച് പരാതിപ്പെട്ടില്ല എന്ന് പൊലീസ് ചോദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ എല്ലാ ആറ് മാസവും ഏഴ് സുഹൃത്തുക്കളും ഇത് പോലെ യാത്ര പോവാറുണ്ടായിരുന്നു. യാത്ര പോവുമ്പോള്‍ മറ്റ് ആരുമായും ഇവര്‍ ഫോണില്‍ ബന്ധപ്പെടാറും ഉണ്ടായിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook