scorecardresearch
Latest News

കർ​ണാടക: അധികാരം നിലനിർത്താനുളള ബിജെ പിയുടെ കരുനീക്കങ്ങൾ ഇങ്ങനെയാണ്

കർണാടകത്തിൽ “ഓപ്പറേഷൻ കമല” ഒരു ദശകത്തിന് ശേഷം ബിജെ പി ആവർത്തിക്കുമ്പോൾ അവരുടെ നീക്കങ്ങളിൽ ജാതി സമവാക്യവും അധികാരസ്ഥാനങ്ങളുമെല്ലാം ഉൾപ്പെടുന്നു

karnataka election kerala tourism

ബെംഗളൂരു: കർണാടകത്തിൽ അധികാരത്തിലെത്താൻ എല്ലാ വഴികളും നോക്കുന്ന ബിജെപി ഒരു ദശകത്തിന് ശേഷം കുപ്രസിദ്ധമായ “ഓപ്പറേഷൻ കമല”യുടെ ആവർത്തനമായിരിക്കും നടപ്പാക്കുകയെന്ന ഊഹമാണ് ഉയരുന്നത്. കർണാകത്തിലെ ജാതി സമവാക്യങ്ങൾ മുതൽ ഉപരിസഭയിലെ ഒഴിവ് വരുന്ന സീറ്റുകൾ വരെ ഈ കളിയിൽ കരുക്കളായി കളിക്കാനിറങ്ങും. പത്തു വർഷത്തിന് ശേഷം വീണ്ടും കർണാടകം കടന്നുപോകുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ബിജെപിയുടെ കരുനീക്കങ്ങൾ ഇങ്ങനെയാണ്.

ജനതാദളി (എസ്)നെയോ കോൺഗ്രസിനെ പിളർക്കുക അല്ലെങ്കിൽ അവരുടെ ചില എംഎൽഎമാരെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടു നിൽക്കാൻ സ്വാധീനിക്കുകയോ ചെയ്യുക എന്നതല്ലാതെ മറ്റ് അധികം പോംവഴികളൊന്നും ബിജെപിക്ക് മുന്നില്ലെന്നതാണ് വസ്തുത.

കർണാടക നിയമസഭയുടെ ഉപരിസഭയിൽ അടുത്ത മാസം വരുന്ന ഏഴ് എംഎൽസിമാരുടെ ഒഴിവാണ് ഇത് സാധ്യമാക്കുന്നതിന് സഹായകമാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇങ്ങനെ ഒഴിവ് വരുന്ന ഏഴ് സീറ്റുകളിൽ അഞ്ചെണ്ണം പിടിച്ചെടുക്കാമെന്നാണ് കണക്കു കൂട്ടുന്നത്. ഇങ്ങനെ പിടിച്ചെടുക്കുന്ന സീറ്റുകൾ വിശ്വാസ വോട്ടിൽ നിന്നും വിട്ടു നിൽക്കുന്ന കോൺഗ്രസ്, ജെഡിഎസ് സഖ്യത്തിൽ നിന്നുളളവർക്ക് നൽകാമെന്നതായിരിക്കും ഒരു നീക്കം. ഇവർ വിശ്വാസവോട്ടിൽ നിന്നും വിട്ടുനിന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടി വരും. എന്നാൽ അടുത്തമാസം തന്നെ ഉപരിസഭയിൽ ഒഴിവ് വരുന്ന സീറ്റുകളിലേയ്ക്ക് അവർക്ക് മൽസരിക്കാനാകും.

പതിനഞ്ച് ദിവസത്തിനുളളിൽ വിശ്വാസ വോട്ട് തേടുമ്പോൾ അതിൽ നിന്നും വിട്ടുനിൽക്കാൻ കുറച്ച് എംഎൽ​എമാരെ കണ്ടെത്തുക എന്നതാണ് ആദ്യത്തെ നീക്കം. ബിജെപിയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന എതിർപക്ഷത്തുളള എംഎൽ​എമാരോട് വിശ്വാസവോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ ആവശ്യപ്പെടും. വിപ്പ് ലംഘിക്കുന്നതിന്റെ പേരിൽ കൂറുമാറ്റനിരോധനിയമപ്രകാരം അവർ അയോഗ്യരാക്കൽ ഭീഷണി മറികടക്കാൻ എംഎൽഎ സ്ഥാനം രാജിവച്ച് വീണ്ടും തിരഞ്ഞെടുപ്പിൽ മൽസരിക്കാം. അങ്ങനെ വീണ്ടും തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യമില്ലാത്തവർക്ക് ഉപരിസഭവഴി വരാം. ബിജെപി നേതാവ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് നടന്ന 222 സീറ്റുകളിൽ 104 സീറ്റുകൾ നേടിയ ബിജെപി സ്വതന്ത്ര എംഎൽഎയുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്. കർണാടകത്തിൽ വളരെ ശക്തമായ പ്രചാരണം നടത്തിയ ബിജെപിയുടെ കേന്ദ്ര നേതാവിന്റെ അഭിപ്രായത്തിൽ കോൺഗ്രസിലെ ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട എംഎൽഎമാർക്ക് എച്ച്.ഡി.കുമാരസ്വാമിയെ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നതിൽ “അസന്തുഷ്ടിയുണ്ട്”. “വൊക്കലിഗ വിഭാഗത്തിൽപ്പെട്ട ഒരാളെ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പിന്തുണച്ചുകൊണ്ട് അവർക്ക് വീണ്ടും അവരുടെ മണ്ഡലങ്ങളിലേയ്ക്ക് എങ്ങനെ പോകാൻ സാധിക്കും?” എന്ന് അദ്ദേഹം ചോദിക്കുന്നു. അവർ നിലപാട് മാറ്റിയേക്കും.

ഇതിന് മുമ്പ് 2008 ൽ അന്നത്തെ ബിജെപി മുഖ്യമന്ത്രിയായിരുന്ന ബി.എസ്.യെഡിയൂരപ്പ എതിർപക്ഷത്തുളള ഏഴ് എംഎൽഎമാരെ തട്ടിയെടുത്തുവെന്നതായിരുന്നു ആരോപണം. മൂന്ന് സീറ്റ് വേണ്ടിയിരുന്ന സ്ഥലത്താണ് ഏഴ് എംഎൽഎമാരെ മാറ്റിയെടുത്തത്. അതിൽ നാല് എംഎൽഎമാർ ജെഡിഎസിൽ നിന്നും മൂന്ന് പേർ കോൺഗ്രസിൽ നിന്നുമായിരുന്നു. അതിൽ അഞ്ച് പേർ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ontable for bjp abstentions by mlas rehabiltation as mlcs