ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കേസില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ ആശ്വസിക്കുമ്പോഴും മറ്റൊരു കടമ്പയുടെ ആശങ്കയിലാണു ഭാര്യ റൈഹാന സിദ്ദിഖ്. യു എ പി എ കേസില്‍ സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചിട്ടും ജാമ്യക്കാരുടെ സ്ഥിരീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
”സെപ്റ്റംബറില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ച യു എ പി എ കേസില്‍ ജാമ്യക്കാരുടെ വെരിഫിക്കേഷന്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മൂന്നു മാസത്തിലേറെയായി. ജാമ്യം നില്‍ക്കാന്‍, ഞങ്ങള്‍ക്കു സ്ഥലം നല്ലപോലെ പരിചയമില്ലാത്ത ഉത്തര്‍പ്രദേശില്‍നിന്നുള്ള ആരെയും കിട്ടാത്തതായിരുന്നു ആദ്യ പ്രശ്നം. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ വഴി രണ്ടു പേര്‍ ഞങ്ങളെ സമീപിക്കുകയും ജാമ്യം നില്‍ക്കാന്‍ തയാറാകുകയും ചെയ്തു,” റൈഹാന പറഞ്ഞു. കാപ്പനുവേണ്ടി ജാമ്യംനിന്ന രണ്ടുപേരില്‍ ഒരാള്‍ ലക്നൗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ രൂപ് രേഖ വര്‍മയാണ്.
”ഇത്തരം ജാമ്യ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമോയെന്നു ജാമ്യം അനുവദിച്ച വെള്ളിയാഴ്ചത്തെ ഉത്തരവ് ലഭിക്കുന്നതോടെ മനസിലാവും. ഉത്തരവ് വന്നാല്‍, ജാമ്യത്തിന് ആരെയെങ്കിലും കണ്ടെത്തേണ്ടിവരും. കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാകില്ലെന്നാണു പ്രതീക്ഷിക്കുന്നത്,” റൈഹാന പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പി എം എല്‍ എ) പ്രകാരമുള്ള കേസില്‍ വെള്ളിയാഴ്ചയാണു സിദ്ദിഖ് കാപ്പന് അലഹബാദ് ഹൈക്കോടതി കാപ്പന് ജാമ്യം അനുവദിച്ചത്.
”കീഴ്ക്കോടതി അദ്ദേഹത്തിന്റെ (കാപ്പന്റെ) അപേക്ഷ നിരസിച്ചതിനാല്‍ ഞാന്‍ ജാമ്യം പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങളുടെയും മക്കളുടെയും ജീവിതം ഇങ്ങനെയായിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷത്തിലേറെയായി. അദ്ദേഹം എന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ മാത്രമേ മോചിതനായെന്നു വിശ്വസിക്കാന്‍ കഴിയൂ. അതാണ് ഇപ്പോഴത്തെ അവസ്ഥ. പക്ഷേ വൈകിയാലും നീതി കിട്ടും…ഞങ്ങള്‍ക്കിപ്പോള്‍ ജാമ്യം കിട്ടി,”റൈഹാന പറഞ്ഞു.
ജാമ്യക്കാരുടെ സ്ഥിരീകരണം സംബന്ധിച്ച കാലതാമസമാണു കാപ്പന്റെ മോചനം വൈകുന്നതിലെ പ്രധാന തടസമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മുഹമ്മദ് ധനീഷ് പറഞ്ഞു. ”സ്ഥിരീകരണ പ്രക്രിയയ്ക്കു സാധാരണയായി ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കാറില്ല. സെപ്തംബര്‍ ഒന്‍പതിനു ഞങ്ങള്‍ക്ക് സുപ്രീം കോടതി ഉത്തരവ് ലഭിച്ചു. 10 ദിവസത്തിനുള്ളില്‍, ഞങ്ങള്‍ ജാമ്യരേഖകള്‍ സമര്‍പ്പിച്ചു. പക്ഷേ മൂന്നു മാസം കഴിഞ്ഞിട്ടും പരിശോധന പൂര്‍ത്തിയായിട്ടില്ല. ഇന്നത്തെ ഇ ഡി കേസിലെ ഉത്തരവില്‍ എന്ത് ജാമ്യ വ്യവസ്ഥകള്‍ ചുമത്തുമെന്ന് അറിയാനുണ്ട്,” അദ്ദേഹം പറഞ്ഞു.
യു എ പി എ കേസില്‍ ഓരോ ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശിച്ച വ്യവസ്ഥയെന്നു ധനീഷ് പറഞ്ഞു.
ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. കാപ്പനൊപ്പം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അതീഖുര്‍ റഹ്‌മാന്‍, മസൂദ് അഹമ്മദ്, ഡ്രൈവര്‍ ആലം എന്നിവരേയും യു എ പി എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിദ്ദിഖ് കാപ്പനെതിരെ 5,000 പേജുള്ള കുറ്റപത്രമായിരുന്നു ഉത്തര്‍ പ്രദേശ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. സിദ്ദിഖ് കാപ്പനെഴുതിയ ലേഖനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചു. രാജ്യവ്യാപക പ്രതിഷേധത്തിനു കാരണമായി പൗരത്വ ഭേദഗതി നിയമത്തിനെതിരായ ലേഖനങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. ഷഹീന്‍ ബാഗില്‍ നടന്ന പ്രതിഷേധത്തെ പൊലീസ് നേരിട്ട രീതിയേയും കാപ്പന്‍ ലേഖനത്തിലൂടെ വിമര്‍ശിച്ചിരുന്നു.
സിദ്ദിഖ് കാപ്പന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിയ 45,000 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാന്‍ സാധിച്ചില്ലെന്നാണ് ഇ ഡി റജിസ്റ്റര്‍ ചെയ്ത പി എം എല്‍ എ കേസിലെ ആരോപണം.