ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച 2020 ലെ കേന്ദ്ര ബജറ്റിനെ വിമർശിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ആവർത്തനങ്ങൾ നിറഞ്ഞ ബജറ്റ് പൊള്ളയാണെന്നും ജനങ്ങളെ ചൂഷണം ചെയ്യുന്നതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Read More: Budget 2020 Highlights: നികുതി ഇളവ്, എൽഐസി ഓഹരി വിറ്റഴിക്കൽ; കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

യുവാക്കൾക്ക് ജോലി നൽകുന്നതിനെ കുറിച്ചോ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനെ കുറിച്ചോ യാതൊരു പ്രഖ്യാപനവും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്നും, ഇതിൽ നിന്ന് ഈ സർക്കാരിന്റെ മനോഭാവം എന്തെന്ന് കൃത്യമായി മനസിലാകുമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

പാർട്ടിയുടെ മുതിർന്ന നേതാവായ അഹമ്മദ് പട്ടേലും സർക്കാരിനെ വിമർശിച്ചു. കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം “സാധാരണ പൗരനെ സഹായിക്കുന്നതിനേക്കാൾ പ്രധാനമന്ത്രിയെ പ്രശംസിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്”തെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

“ന്യൂ ഇന്ത്യയിലെ അച്ഛേ ദിന്നിനു ശേഷമുള്ള ഏറ്റവും മോശം ബജറ്റ് പ്രസംഗം കൂടിയാണ് ഇത്. ഇപ്പോൾ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം സർക്കാർ ഉപേക്ഷിച്ചുവെന്ന് തോന്നുന്നു. ഈ ബജറ്റ് സമ്പദ്‌വ്യവസ്ഥയുടെ പാപ്പരത്തത്തെ മാത്രമല്ല, ഗവൺമെന്റിന്റെ ആശയങ്ങളുടെ പാപ്പരത്തത്തെയും സ്ഥിരീകരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഒരു ദശകത്തിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യം ഇന്ത്യയെ പിടിമുറുക്കുന്ന സമയത്താണ് നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം. എൽഐസിയിലെ സർക്കാരിന്റെ ഓഹരികൾ ഭാഗികമായി വിറ്റഴിക്കുമെന്നും പൊതുമേഖലാ ബാങ്കായ ഐഡിബിഐയുടെ ഓഹരികൾ വിൽക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി വിഹിതം രണ്ടു ഘട്ടുമായി നൽകും. അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി രൂപ ചെലവഴിക്കും. ഗതാഗത മേഖലയ്ക്ക് 1.7 ലക്ഷം കോടി അനുവദിക്കും. 2024ലോടെ പുതിയ നൂറ് വിമാനത്താവളങ്ങള്‍ തുറക്കും. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍ വരും. കൂടുതല്‍ തേജസ് ട്രെയിനുകള്‍ അനുവദിക്കും. റെയില്‍വേ രംഗത്ത് സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook