ചെന്നൈ: വരള്‍ച്ച രൂക്ഷമായ ചെന്നൈ പട്ടണത്തിന്റെ ആശങ്കകള്‍ പങ്കുവച്ച് ഹോളിവുഡ് താരം ലിയാനാര്‍ഡോ ഡികാപ്രിയോ. കുടിവെള്ളം പോലുമില്ലാത്തതിന്റെ ദൈന്യത ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡികാപ്രിയോ പങ്കുവച്ചിരിക്കുന്നത്. കുടിവെള്ളത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമായി കിണറിനു ചുറ്റും നില്ക്കുന്ന സ്ത്രീകളുടെ ചിത്രം പങ്കുവച്ചായിരുന്നു ഡികാപ്രിയോ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ചെന്നൈ നഗരത്തെ രക്ഷിക്കാന്‍ മഴയ്ക്ക് മാത്രമേ സാധിക്കൂ എന്ന് ഡികാപ്രിയോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
“കിണറുകളെല്ലാം പൂർണമായി വറ്റിവരണ്ട നിലയിലാണ്. നഗരത്തിലും വെള്ളമില്ല. ചെന്നൈ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ജലസംഭരണികളെല്ലാം വറ്റി വരണ്ട നിലയിലാണ്. ഗവണ്മെന്റ് കൊണ്ടുവരുന്ന വെള്ളം ലഭിക്കാന്‍ ആളുകള്‍ മണിക്കൂറോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ഹോട്ടലുകളും സ്ഥാപനങ്ങളും വെള്ളമില്ലാത്തതിനാല്‍ അടച്ചുപൂട്ടി തുടങ്ങി. അധികാരികള്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്” ഡികാപ്രിയോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മഴയ്ക്ക് വേണ്ടി ചെന്നൈ നഗരം കാത്തിരിക്കുകയാണെന്നും പ്രാര്ഥിക്കുകയാണെന്നും ഡികാപ്രിയോ പറഞ്ഞു.
ചെന്നൈയിൽ കുടിവെളള ക്ഷാമം രൂക്ഷമാകുകയാണ്. പ്രതിസന്ധിക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ഡിഎംകെയുടെ നേതൃത്വത്തിൽ സർക്കാരിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. ജൂൺ 24 നാണ് പ്രതിഷേധ പരിപാടി നടത്തിയത്. ചെപ്പോക്കിൽ തുടങ്ങിയ പ്രതിഷേധത്തിൽ ഡിഎംകെ പാർട്ടി അധ്യക്ഷൻ എം.കെ.സ്റ്റാലിൻ പങ്കെടുത്തു. എംപി ദയാനിധി മാരനും മുതിർന്ന നേതാവ് ജെ.അൻപഴകനും പ്രതിഷേധത്തിൽ പങ്കാളികളായി.
‘വെളളം തരൂ വെളളം തരൂ. കുടം ഇവിടെയുണ്ട്, വെളളം എവിടെ?’ തുടങ്ങിയ മുദ്രാവാക്യം വിളികളുമായി നൂറുകണക്കിന് പേർ സർക്കാരിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തു. ചെന്നൈയിലെ കുടിവെളള ക്ഷാമം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഎംകെ എംപി ടി.ആർ.ബാലു ലോക്സഭയിൽ നോട്ടീസ് നൽകിയിരുന്നു.
വെല്ലൂർ ജില്ലയിലെ ജോലാർപേട്ടയിൽനിന്നും വെളളം എത്തിച്ച് നഗരത്തിലെ കുടിവെളള ക്ഷാമം പരിഹരിക്കാനാണ് സർക്കാർ നീക്കം. ട്രെയിൻ മാർഗം വെളളം എത്തിക്കാനുളള ശ്രമങ്ങളാണ് തമിഴ്നാട് ജല അതോറിറ്റി നടത്തുന്നത്. ജോലാർപേട്ടയിൽനിന്നും പ്രതിദിനം 10 എംഎൽഡി ലിറ്റർ വെളളം എത്തിച്ച് നിലവിലെ കുടിവെളള പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി വെളളിയാഴ്ച പറഞ്ഞിരുന്നു.