നാഗ്പൂര്‍: ലോകത്തെ മുതലാളിത്തത്തിന്‍റെ കരാളഹസ്തങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭഗവത്. “ലോകം മുഴുവന്‍ മുതലാളിത്തത്തിന്‍റെ കരാളഹസ്തങ്ങളിലാണ്. ഇന്ത്യയ്ക്ക് മാത്രമേ ലോകത്തെ ആ ദുരന്തത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കൂ.” മോഹന്‍ ഭഗവത് പറഞ്ഞു.

“ഇന്ത്യയില്‍ മതത്തിന്‍റെ ഒരു കണികയെങ്കിലും നിലനില്‍ക്കുന്നിടത്തോളം കാലം ഒരു ശക്തിക്കും ഇന്ത്യയെ ഉപദ്രവിക്കാനാവില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ നിന്നും മതം അപ്രത്യക്ഷമാവുകയാണ് എങ്കില്‍. ഒരു ശക്തിക്കും ഇന്ത്യയെ രക്ഷപ്പെടുത്താനും ആവില്ല.” മോഹന്‍ ഭഗവത് പറഞ്ഞു.

വിവിധ രാഷ്ട്രങ്ങളില്‍ നിന്നുമുള്ള ഹിന്ദു സ്വയംസേവകര്‍ക്കായി നാഗ്പൂരിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ ഹിന്ദു സ്വയം സേവക് സംഘ് സംഘടിപ്പിച്ച കോഴ്സിനു ശേഷം സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.

ബ്രിട്ടീഷുകാരെയും മുഗളന്മാറെയും രാജ്യത്തിന്‍റെ ദുരവസ്ഥയില്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന ആര്‍ എസ് എസ് സ്ഥാപകന്‍ ഡോ കേശവ് ബാലിറാം ഹെഡ്ഗവാറിന്‍റെ സൂക്തങ്ങള്‍ ഓര്‍മിപ്പിച്ച മോഹന്‍ ഭഗവത്. ” ഹിന്ദു സമുദായത്തിന്റെ ഒരേയൊരു പ്രശ്നം ഹിന്ദുക്കളാണ്. ഹിന്ദുക്കൾ ഞങ്ങളുടെ സ്വന്തമാണ്. അതിനാല്‍ തന്നെ ഞങ്ങൾ അവരെ നിർഭാഗ്യകരമായ സാഹചര്യങ്ങളിൽ ജീവിക്കാൻ അനുവദിക്കുകയില്ല.” മോഹന്‍ ഭഗവത് പറഞ്ഞു.

” ഒരു പ്രശ്നമായതുകൊണ്ടല്ല. അത് നമ്മുടെ സ്വന്തമാണ് എന്നതുകൊണ്ടാണ് നമ്മള്‍ ഹിന്ദു മതത്തെ സംരക്ഷിക്കേണ്ടത്. വിശുദ്ധമായ ഹിന്ദു മതവും സംസ്കാരവും ഹിന്ദു രാഷ്ട്രവും സംരക്ഷിക്കപ്പെടണം.” അദ്ദേഹം പറഞ്ഞു.

പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും നീതി യോക് അംഗവുമായ ബിബേക് ദേബ്റോയിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പുരാതനകാലത്ത് രാജാവിന്‍റെ ഉത്തരവാദിത്തം പ്രതിരോധം, അഭ്യന്തരസുരക്ഷ, നിയമംമൂലമുള്ള ഭരണം ഉറപ്പുവരുത്തുക എന്നത് മാത്രമായിരുന്നുവെന്നും ബാക്കിയുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നത് മതമായിരുന്നു എന്നാണ് ബിബേക് ദേബ്റോയി അഭിപ്രായപ്പെട്ടത്.

“ദൗർഭാഗ്യവശാൽ, ബ്രിട്ടീഷ് പാരമ്പര്യം 1947 നു ശേഷം ഒരു പൗരനെന്ന നിലയിൽ നമ്മെ നിരന്തരം അതിലാളനയോടെ വഷളാക്കുകയും ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിനായി നമ്മള്‍ സര്‍ക്കാരുകളെ സമീപിച്ചുകൊണ്ടേയിരിക്കുകയും ചെയ്യേണ്ടി വരുന്നു. ഇന്ത്യയിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്‍റെ വിവിധ തലളില്‍ നിന്നുകൊണ്ട് പരിഹരിക്കാന്‍ കഴിയില്ല. രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്ന ഒരേയൊരു ശക്തി ഈ മതമാണ്‌.” ബിബേക് ദേബ്റോയി പറഞ്ഞു.

ഇന്ത്യന്‍ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുവാനായി ഹിന്ദു സ്വയംസേവക് സംഘ് ചെയ്യുന്ന വിവിധ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

വിവിധ രാഷ്ട്രങ്ങളില്‍ നിന്നും വന്ന 65 പേരാണ് ഹിന്ദു സ്വയംസേവക് സംഘ് സംഘടിപ്പിച്ച കോഴ്സില്‍ പങ്കെടുത്തത്. യോഗ, പരമ്പരാഗത ഇന്ത്യന്‍ കളികള്‍, ഹിന്ദു സംസ്കാരത്തേയും പാരമ്പര്യത്തേയും കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയടങ്ങുന്നതായിരുന്നു ഹിന്ദു സ്വയംസേവക് സംഘിന്‍റെ കോഴ്സ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ