ന്യൂയോർക്ക്: കോവിഡ്-19ൻ മഹാമാരിയിൽ നിന്നും ലോകത്തെ കരകയറ്റാൻ പ്രതിരോധ മരുന്നിന് മാത്രമേ സാധിക്കൂവെന്നും ഈ വർഷാവസാനത്തോടെ അത് പ്രതീക്ഷിക്കാമെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

“ലോകത്തെ ‘സാധാരണ നിലയിലേക്ക്’ തിരിച്ചുകൊണ്ടുവരാനും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാനും ആഗോള സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ കണ്ടുപിടിക്കുന്നതിലൂടെ മാത്രേ സാധിക്കൂ,” ഐക്യരാഷ്ട്രസഭാംഗങ്ങളായ അമ്പതോളം ആഫ്രിക്കന്‍ രാജ്യങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പ്രതിരോധ മരുന്ന് ലോകത്തെ എല്ലാവർക്കും ലഭ്യമാകുന്ന ഒന്നായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ മരുന്ന് ആവശ്യമായ അളവിൽ വികസിപ്പിച്ചെടുക്കാൻ ലോകരാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകണെന്ന് പറഞ്ഞ അദ്ദേഹം 2020 അവസാനത്തോടെ വാക്സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു.

Read More: കോവിഡ്: മരണ സംഖ്യയിൽ റെക്കോർഡിട്ട് യുഎസ്; 24 മണിക്കൂറിനിടെ 2,228 മരണം

പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ലോകരാജ്യങ്ങളില്‍ നിന്നും രണ്ട് ബില്യണ്‍ ഡോളര്‍ സമാഹരിക്കണമെന്ന് അന്റോണിയോ ഗുട്ടെറസ് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ഇത് പ്രകാരം 20 ശതമാനത്തോളം ഇതുവരെ സമാഹരിച്ചു. ലോകാരോഗ്യ സംഘടനയിലൂടെ 47 ആഫ്രിക്കന്‍ രാജ്യങ്ങളെ കോവിഡ് -19 പരീക്ഷണങ്ങളുമായി സജ്ജമാക്കാന്‍ ഐക്യരാഷ്ട്രസഭക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

പകർച്ചവ്യാധിയുടെ അനന്തരഫലങ്ങൾ ലഘൂകരിക്കാനുള്ള ആഫ്രിക്കൻ സർക്കാരുകളുടെ ശ്രമങ്ങളെയും യുഎൻ മേധാവി പ്രശംസിച്ചു. നികുതി റിട്ടേൺ സമർപ്പിക്കാൻ ബിസിനസുകൾക്ക് കൂടുതൽ സമയം നൽകിയ ഉഗാണ്ട കൂടുതൽ സമയം നൽകി. ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അടിയന്തര വരുമാനം നല്‍കാനായി നമീബിയ നടപടികള്‍ സ്വീകരിച്ചു. ഈജിപ്ത് വ്യവസായങ്ങള്‍ക്കുള്ള നികുതി കുറച്ചു. ഈ നടപടികൾ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിർത്തിയ നടപടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി യുഎൻ സെക്രട്ടറി ജനറൽ രംഗത്തെത്തിയിരുന്നു. വൈറസിനെതിരേയുള്ള പോരാട്ടത്തിനിടെ ലോകാരോഗ്യ സംഘടനയ്ക്കോ മറ്റു സംഘടനകളുടെ പ്രവർത്തനങ്ങൾക്കോ നൽകുന്ന സഹായം കുറയ്ക്കാനുള്ള സമയമല്ല ഇതെന്ന് അന്റോണിയോ ഗുട്ടറസ് ട്രംപിനെ ഓർമ്മപ്പെടുത്തി.

ചൈനയിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയപ്പോൾ സ്ഥിതിഗതികൾ വിലയിരുത്തുന്നതിലും രോഗവ്യാപനം ചെറുക്കുന്നതിലും ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിർത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook