/indian-express-malayalam/media/media_files/uploads/2021/07/pregnant-woman-covid-test.jpg)
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ സംസ്ഥാന തല സീറോസർവേ ഡാറ്റ പ്രകാരം, കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ചത് ആറ് വയസ്സിന് മുകളിലുള്ള 44 ശതമാനം പേർക്ക് മാത്രം. കോവിഡ് ബാധിച്ചവരുടെ ദേശീയ ശരാശരി 67 ശതമാനമാണ്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൂടുതൽ പേർക്ക് ഇനിയും രോഗം വരാൻ സാധ്യതയുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. ഇപ്പോഴും കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നു നിൽക്കാനുള്ള കാരണവും ഈ കണക്ക് വിശദീകരിക്കുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 22,000ൽ അധികം കേസുകളാണ്, ഇത് രാജ്യത്തെ ആകെ കേസുകളുടെ 50 ശതമാനമാണ്. കുറച്ചധികം ആഴ്ചകളായി കേരളത്തിലാണ് രാജ്യത്ത് പ്രതിദിനം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
വളരെ കാലമായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും, രോഗ വ്യാപനം കുറഞ്ഞു നിൽക്കുന്നതും കേരളത്തിൽ രോഗ ബാധിതരെ കണ്ടെത്തുന്നതിന് ഏറ്റവും നല്ല മാർഗങ്ങൾ ഉണ്ടായിരുന്നുവെന്ന് വിശദീകരിക്കുന്നതാണ്. നേരത്തെ പുറത്തുവന്ന സീറോസർവേകൾ ഇത് വ്യക്തമാക്കുന്നതാണ്. ഇതുവരെ കേരളത്തിൽ 33 ലക്ഷം പേരാണ് രോഗബാധിതരായത്.
രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 58 ശതമാനം ആളുകൾക്കാണ് ഇതുവരെ കോവിഡ് പ്രതിരോധശേഷി ലഭിച്ചത്. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർ രോഗബാധിതരായത്. 79 ശതമാനം ആളുകൾ കോവിഡ് ബാധിതരായി. രാജസ്ഥാനിൽ ഇത് 76.2 ശതമാനവും ബിഹാറിൽ ഇത് 76 ശതമാനവും ഉത്തർ പ്രദേശിൽ ഇത് 71 ശതമാനവുമാണ്.
അതേസമയം, രോഗം വ്യാപിക്കുന്നതിനെക്കുറിച്ചുള്ള ജില്ലാതല വിവരങ്ങൾ ലഭിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) കൂടിയാലോചിച്ച് കൂടുതൽ സിറോസർവേകൾ നടത്താൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശികമായി പ്രതിരോധ നടപടികൾ രൂപീകരിക്കുന്നതിന് ഇത് അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Also read: അസം-മിസോറാം അതിർത്തി തർക്കം: കേന്ദ്ര സേനയെ വിന്യസിക്കാൻ തീരുമാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.