ന്യൂഡല്‍ഹി: ഇന്ത്യക്കാരില്‍ അഞ്ച് ആള്‍ക്കാരില്‍ മൂന്ന് പേരും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരാണെന്ന് സര്‍വേ ഫലം. വടക്കേന്ത്യയാണ് 62 ശതമാനമായി ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത്. 52 ശതമാനം ഉത്തരേന്ത്യക്കാരാണ് വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത്. നാലില്‍ ഒരാളെ മാത്രമാണ് ഇത്തരത്തില്‍ നിയമം ലംഘിച്ച് പൊലീസ് പിടികൂടിയതെന്നും നിസാന്‍ കണക്ടഡ് ഫാമിലീസ് ഇന്ത്യ നടത്തിയ സര്‍വേയില്‍ പറയുന്നു.

കേരളത്തിലാണ് അമിതവേഗതയില്‍ വാഹനം ഓടിക്കുന്ന ഏറ്റവും കൂടുതല്‍ പേരുളളത്. 60 ശതമാനം മലയാളികളാണ് അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരാണെന്ന് സമ്മതിച്ചത്. ഡല്‍ഹിയാണ് 51 ശതമാനത്തോടെ രണ്ടാം സ്ഥാനത്തുളളത്. പഞ്ചാബില്‍ വേഗത്തില്‍ പായുന്നവര്‍ 28 ശതമാനമാണ്.
അമിതവേഗം, ഫോണ്‍ ഉപയോഗം, ശ്രദ്ധ തുടങ്ങിയവയൊക്കെ ആസ്പദമാക്കി രാജ്യത്തെ 20 സംസ്ഥാനങ്ങളിലാണ് സര്‍വേ നടത്തിയത്. 64 ശതമാനം ഭാര്യമാരാണ് ഭര്‍ത്താവിന്റെ ഡ്രൈവിങ്ങിൽ വിശ്വാസം പ്രകടിപ്പിച്ചത്. അതേസമയം 37 ശതമാനം ഭര്‍ത്താക്കന്‍മാര്‍ മാത്രമാണ് ഭാര്യയുടെ ഡ്രൈവിങ്ങിനെ വിശ്വസിക്കുന്നത്.

വാഹനങ്ങളിലെ സുരക്ഷയെ സംബന്ധിച്ചുളള ആശങ്കകളും സര്‍വെയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റോഡുകളുടെ അവസ്ഥയും വാഹനത്തിനകത്തെ സുരക്ഷയും ആശങ്കയായി അറിയിച്ചവരുണ്ട്. വാഹനം ഓടിക്കുമ്പോള്‍ കുടുംബത്തിന്റെ സാന്നിധ്യം ആഗ്രഹിക്കുന്നത് 53 ശതമാനം പേരാണ്. അറിയപ്പെടാത്ത പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് 68 ശതമാനം ഇന്ത്യക്കാരും. 64 ശതമാനം ഇന്ത്യക്കാരും മീറ്റിംഗുകള്‍ക്ക് വൈകി എത്തുന്നവരാണ്. 65 ശതമാനം മലയാളികള്‍ കൃത്യസമയത്ത് യോഗത്തിന് എത്താന്‍ പറ്റാത്തവരാണെന്നും സര്‍വേ ഫലം പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook