ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്‍ ലോക്സഭ പാസാക്കി. സിപിഎമ്മും കോണ്‍ഗ്രസും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. എന്നാല്‍ മുസ്‌ലിം ലീഗ് ബില്ലിനെ എതിര്‍ത്തു. ഇന്ന് ബില്‍ രാജ്യസഭ പരിഗണിക്കും. രണ്ടിനെതിരെ 323 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്.

മുസ്‌ലിം ലീഗിന്റെ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും എംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. എഐഎഡിഎംകെയും എഐയുഡിഎഫും പ്രതിഷേധിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇതുവരെ സാമ്പത്തികസംവരണത്തെ എതിര്‍ത്തിരുന്ന സമാജ്‌വാദി പാര്‍ട്ടിയും ആര്‍ജെഡിയും ബില്ലിനെ പിന്തുണച്ചു.

സമത്വവും സാമൂഹ്യ പുരോഗതിയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയെ അറിയിച്ചു. കേന്ദ്രമന്ത്രി തവര്‍ചന്ദ്‌ഗെഹ്‌ലോട്ടാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. സാമ്പത്തിക സംവരണ തീരുമാനത്തിന് നിയമസാധുതയുണ്ടെന്നു സാമൂഹികനീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോട്ട് പറഞ്ഞു. തീരുമാനം സുപ്രീം കോടതി തള്ളില്ല. ഭരണഘടനാ ഭേദഗതി സുപ്രീം കോടതിക്കു തള്ളാനാകില്ല. 50 ശതമാനമെന്ന പരിധി ലംഘിക്കുന്നുവെന്ന പ്രശ്നമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ കുറവുള്ള മുന്നാക്ക വിഭാഗത്തിലെ പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നതിനാണ് നിയമ ഭേദഗതി വരുത്തുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ സുപ്രധാന രാഷ്ട്രീയ നീക്കമായിട്ടാണ് തീരുമാനത്തെ വിലയിരുത്തുന്നത്. രാജ്യസഭയിലും ബില്‍ പാസാകാനാണ് സാധ്യത.

പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കാമെന്ന് പറഞ്ഞിരുന്ന 15 ലക്ഷം നല്‍കിയിരുന്നുവെങ്കില്‍ സാമ്പത്തിക സംവരണത്തിന്റെ ആവശ്യമില്ലായിരുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കറും എഐഎഡിഎംകെ എംപിയുമായ തമ്പി ദുരൈ പറഞ്ഞു. തമിഴ്നാട്ടില്‍ 69 ശതമാനമാണ് ജാതി സംവരണം. ലോക്സഭയില്‍ സാമ്പത്തിക സംവരണ ബില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് തമ്പി ദുരൈയുടെ പ്രതികരണം.

”മോദി എല്ലാവര്‍ക്കും 15 ലക്ഷം നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. അത് അദ്ദേഹം നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഇന്ന് ഇങ്ങനെയൊരു ബില്‍ കൊണ്ടു വരേണ്ടി വരില്ലായിരുന്നു” അദ്ദേഹം പറഞ്ഞു. നിയമം നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ന് ദരിദ്രനായ ഒരാള്‍ സംവരണം വഴി സമ്പന്നന്‍ ആയാല്‍ അത് അഴിമതിയിലേക്ക് നയിക്കുമെന്നും ദരിദ്രരാണെന്ന് തെളിയിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ സാധിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബില്‍ സുപ്രീം കോടതി തള്ളാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അംബേദ്കറിനെ പോലെ കഴിവുള്ള വ്യക്തിക്കു പോലും ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് സാമൂഹ്യനീതി അടിസ്ഥാനമാക്കി സംവരണം നടപ്പിലാക്കുന്നതെന്നും തമ്പി ദുരൈ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook