ന്യൂഡല്‍ഹി: വാക്സിന് വേണ്ടി കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് ഗ്രാമീണ മേഖലയില്‍ ഉള്ളവര്‍ക്കായി കോമണ്‍ സര്‍വീസ് സെന്ററുകള്‍ (സി.എസ്.സി) ഉപയോഗിക്കണമെന്ന സുപ്രിം കോടതിയുടെ നിര്‍ദേശം വന്നിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. ആകെ റജിസ്ട്രേഷന്റെ 0.5 ശതമാനം മാത്രമാണ് മൂന്ന് ലക്ഷം സി.എസ്.സി അക്കൗണ്ട് വഴി നടന്നിട്ടുള്ളത്.
ഇന്ത്യന്‍ എക്സ്പ്രസിന് ലഭിച്ച രേഖകള്‍ അനുസരിച്ച് ഇതുവരെ 28.5 കോടി പേരാണ് ജൂണ്‍ 12 വരെ വാക്സിനായി റജിസ്റ്റര്‍ ചെയ്കിട്ടുള്ളത്. 14.25 ലക്ഷം പേരാണ് വാക്സിനായി സി.എസ്.സി മുഖേന റജിസ്റ്റര്‍ ചെയ്തത്. ഓരോ മാസവും കണക്കുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. പക്ഷെ ഗ്രാമീണ-നഗര മേഖലകള്‍ തമ്മിലുള്ള വാക്സിന്‍ തുല്യതയില്‍ വലിയ അന്തരമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മേയ് 11 വരെ 54,460 സി.എസ്.സികള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. അന്ന് വരെ 17 കോടി പേരാണ് രാജ്യത്ത് വാക്സിനായി റജിസ്റ്റര്‍ ചെയ്തത്. സി.എസ്.സികള്‍ വഴി വാക്സിനായി അവസരം തേടിയവര്‍ 1.7 ലക്ഷം മാത്രം, 0.1 ശതമാനം. റജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെടുമ്പോള്‍ വാക്സിന്‍ ലഭ്യമാകുമ്പോള്‍ പറയു, അപ്പോള്‍ വരാമെന്നാണ് ജനങ്ങളുടെ മറുപടിയെന്ന് ഹരിയാനയിലെ ഗ്രാമത്തില്‍ സി.എസ്.സി നടത്തുന്നയാള്‍ വ്യക്തമാക്കി.
Also Read: കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍; റിപ്പോര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം
വാക്സിന്‍ ക്ഷാമം നേരിടുന്നുണ്ട് എന്ന വിവരം രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിയിട്ടുണ്ട് എന്നാണ് ഐടി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. വാക്സിന്‍ ലഭ്യത ഉറപ്പാകുമ്പോള്‍ റജിസ്ട്രേഷനും വര്‍ദ്ധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
“വാക്സിനെടുക്കാനുള്ള മടി പ്രധാന ഘടകമാണ്. ഇതിനെ ചുറ്റിപ്പറ്റി ധാരാളം കെട്ടുകഥകളുമുണ്ട്. വാക്സിന്റെ വില കൂടുതലാണോ കുറവാണോ എന്ന സംശയം വളര്‍ത്തുന്ന പ്രചരണങ്ങള്‍ വ്യാപകമായുണ്ട്. വാക്സിന്‍ സ്വീകരിക്കുന്നതു കൊണ്ട് പ്രത്യുത്പാദന ശേഷി നഷ്ടപ്പെടില്ല എന്ന് എങ്ങനെ ഒരാളെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ സാധിക്കും,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഉത്തര്‍ പ്രദേശിലാണ് ഏറ്റവും അധികം ആളുകള്‍ സി.എസ്.സികള്‍ മുഖേന റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഗ്രാമങ്ങളുമുള്ള സംസ്ഥാനത്ത് ഇതുവരെ 5.18 ലക്ഷം പേരാണ് വാക്സിനായി റജിസ്റ്റര്‍ ചെയ്തത്. രണ്ടാം സ്ഥാനത്ത് പഞ്ചാബാണ്, 77,303 പേര്‍ ഇത്തരത്തില്‍ വാക്സിനായി അപേക്ഷിച്ചു. ഗോവ, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ് തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളില്‍ റജിസ്ട്രേഷന്‍ രണ്ടായിരത്തിലും താഴെയാണ്.