ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ ഓണ്‍ലൈന്‍ ട്രോളുകളില്‍ നടപടി ആവശ്യപ്പെട്ട് 13 പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി. ഇന്നലെയാണ് പ്രതിപക്ഷം രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്.
“ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിലും സംസ്ഥാന ഗവർണറുടെ പങ്കും സംബന്ധിച്ചുള്ള സുപ്രധാനമായ ഒരു ഭരണഘടനാ പ്രശ്നം പരിഗണിക്കുന്നുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. വിഷയം കോടതിയുടെ മുമ്പാകെയിരിക്കെ മഹാരാഷ്ട്രയിലെ ഭരണപക്ഷത്തോട് അനുഭാവം പുലർത്തുന്ന ട്രോൾ ആർമി, ചീഫ് ജസ്റ്റിസിനെതിരെ ആക്രമണം അഴിച്ചുവിടുകയാണ്. ട്രോളുകളിലെ വാക്കുകള്‍ മോശമായതാണ്, ഇത് സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്,” കത്തില്‍ പറയുന്നു.
കോൺഗ്രസ് എംപി വിവേക് തൻഖയാണ് കത്ത് എഴുതിയിരിക്കുന്നത്, പാർട്ടി എംപിമാരായ ദിഗ്വിജയ സിങ്, ശക്തിസിൻഹ് ഗോഹിൽ, പ്രമോദ് തിവാരി, അമീ യാഗ്നിക്, രഞ്ജീത് രഞ്ജൻ, ഇമ്രാൻ പ്രതാപ്ഗർഹി, ആം ആദ്മി പാർട്ടിയുടെ രാഘവ് ഛദ്ദ, ശിവസേന (യുബിടി) അംഗം പ്രിയങ്ക ചതുർവേദി, സമാജ് വാദി പാർട്ടിയുടെ ജയ ബച്ചനും രാം ഗോപാൽ യാദവും കത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഇതേ വിഷയത്തിൽ ഇന്ത്യൻ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിക്ക് തന്‍ഖ പ്രത്യേകം കത്ത് നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വീഴ്ചയ്ക്ക് കാരണമായ വിശ്വാസവോട്ടെടുപ്പിന് അനുമതി നല്‍കിയ മുൻ ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ നടപടിയുടെ സാധുത സംബന്ധിച്ച കേസിന്റെ വാദം കേൾക്കലിന് ശേഷമാണ് ഓണ്‍ലൈന്‍ ട്രോളുകള്‍ സജീവമായതെന്നും പരാതിയില്‍ ആരോപിക്കുന്നു. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേനയില്‍ ഭിന്നതയുണ്ടായതിന് ശേഷമായിരുന്നു വിശ്വാസവോട്ടെടുപ്പ് നടന്നത്. ഉദ്ധവ് സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് പിന്നാലെയാണ് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.