പൂനെ: മഹാരാഷ്ട്രയിലെ ഉളളി കർഷകരുടെ കഷ്ടപ്പാടും ദൈന്യതയും ആദ്യമായല്ല വാർത്തകളിൽ നിറയുന്നത്. 750 കിലോ ഉളളി വിറ്റ കർഷകന് 1064 രൂപ മാത്രം ലഭിച്ചതും അതദ്ദേഹം മോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതും രാജ്യമാകെ വാർത്തയായിരുന്നു. അതിന് പിന്നാലെ 2567 കിലോ ഉളളി വിറ്റ മറ്റൊരു കർഷകന് ലാഭം വെറും ആറ് രൂപയാണെന്നതും വാർത്തയായി.
ഇപ്പോൾ ഇതേ മഹാരാഷ്ട്രയിൽ നിന്ന് കർഷകന്റെ കഷ്ടപ്പാടിന്റെ ഏറ്റവും പുതിയ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. പൂനെയിൽ മൊത്തക്കച്ചവട കേന്ദ്രത്തിൽ ഉളളിക്ക് ഇപ്പോൾ 50 പൈസയാണ് കിലോയ്ക്ക് ലഭിക്കുന്നത്.
ഉളളിയുടെ സ്റ്റോക്ക് സാധാരണ ഡിസംബറോടെ അവസാനിക്കാറുണ്ട്. എന്നാൽ ഇത്തവണ കർഷകരുടെ പക്കൽ സ്റ്റോക്ക് അധികമാണ്. പ്രതിദിനം 30 മുതൽ 40 ടൺ വരെയാണ് ഉളളി മൊത്തക്കച്ചവട കേന്ദ്രത്തിലെത്തുന്നത്. കഴിഞ്ഞ മാസങ്ങളിൽ മൊത്തക്കച്ചവടക്കാർ പലരും ഉളളി വാങ്ങാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് കർഷകരുടെ പക്കൽ ഉളളി കെട്ടിക്കിടന്നത്.
ഏക്കറിന് 50000 രൂപ മുടക്കിയാണ് കർഷകർ ഉളളി വിളയിച്ച് മാർക്കറ്റിലെത്തിക്കുന്നത്. എന്നാൽ 20000 രൂപ പോലും അവർക്ക് പത്ത് ടൺ ഉളളി വിറ്റാൽ തിരികെ കിട്ടാറില്ല. കെട്ടിക്കിടക്കുന്ന ഉളളി കിട്ടിയ വിലയ്ക്ക് വിൽക്കാനുളള ശ്രമമാണ് കർഷകർ നടത്തുന്നത്.