ചണ്ഡിഗഡ് : പഞ്ചാബിലെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നടന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് തൂത്തുവാരി. ഞായറാഴ്ച്ച പുറത്തുവന്ന മുനിസിപ്പല്‍ കൗണ്‍സിലുകളുടെയും നഗരപഞ്ചായത്തുകളുടെയും തിരഞ്ഞെടുപ്പ് ഫലത്തില്‍ 29ല്‍ ഇരുപതിടത്തും കോണ്‍ഗ്രസ് വിജയിച്ചു.

മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്‍റെ ശക്തികേന്ദ്രമായ പാട്ടിയാലയില്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വം പ്രകടമായിരുന്നു. ആം ആദ്മി പാര്‍ട്ടിക്കും ബിജെപിക്കും മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കും ഒരു സീറ്റ് പോലും നേടാനാകാതിരുന്ന ഇവിടെ അറുപതില്‍ അറുപത് സീറ്റും കോണ്‍ഗ്രസ് സ്വന്തമാക്കി. ജലന്ധറില്‍ 80ല്‍ അറുപത് സീറ്റും കോണ്‍ഗ്രസ് നേടിയപ്പോള്‍ അകാലിദള്‍- ബിജെപി സഖ്യത്തിന് 12 വാര്‍ഡുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. രണ്ടു വാര്‍ഡുകളില്‍ സ്വതന്ത്രരും വിജയം കണ്ടു.

അമൃത്സറില്‍ 85ല്‍ 63 വാര്‍ഡുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയപ്പോള്‍ ശിരോമണി അകാലിദളും ബിജെപിയും ഏഴു വാര്‍ഡുകള്‍ വീതവും നേടി. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് മൂന്ന് കോര്‍പ്പറേഷനുകളിലും ഒരു സീറ്റ് പോലും നേടാനായില്ല.

മുനിസിപ്പല്‍ കൗണ്‍സിലുകളിലും നഗരപഞ്ചായത്തുകളിലും കോണ്‍ഗ്രസ് അപ്രമാദിത്വം പ്രകടമായിരുന്നു. 29ല്‍ 20 തദ്ദേശ സ്വയംഭരണ സ്ഥാപനവും കോണ്‍ഗ്രസ് സ്വന്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ