മുംബൈ: നവി മുംബൈയിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) പ്ലാന്റിൽ വൻ തീപ്പിടിത്തം. അപകടത്തിൽ നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. അഗ്നിശമന സേന സംഭവസ്ഥലത്ത് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

മുംബൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉറാനിലെ പ്ലാന്റിലാണ് അഗ്നിബാധയുണ്ടായത്. എണ്ണ സംസ്കരണവുമായി ബന്ധപ്പെട്ടല്ല തീപിടിത്തം ഉണ്ടായതെന്ന് ഒഎൻജിസി ട്വിറ്ററിലൂടെ അറിയിച്ചു. കൂടുതൽ ആളുകൾ പ്ലാന്റിനകത്ത് കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

“ആകെ 5 പേരെ രക്ഷപ്പെടുത്തി, അതിൽ രണ്ടുപേർ മരിച്ചു. മൂന്ന് പേർ ആശുപത്രിയിലാണ്,” നവി മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ പറഞ്ഞു.

ഉൽ‌വേ, ദ്രോണഗിരി, പൻ‌വേൽ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് ഫയർ ടെൻഡറുകൾ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ജെ‌എൻ‌പി‌ടി, ഒ‌എൻ‌ജി‌സി ടീമുകൾ‌ കഴിഞ്ഞ രണ്ട് മണിക്കൂറിലധികമായി അഗ്നബാധ അണയ്ക്കാനുള്ള ശ്രമങ്ങളിലാണ്. ഒ‌എൻ‌ജി‌സി കെട്ടിട സമുച്ചയത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ പൊലീസ് വളഞ്ഞിരിക്കുകയാണ്.

“ഉറാൻ ഓയിൽ ആൻഡ് ഗ്യാസ് പ്രോസസ്സിംഗ് പ്ലാന്റിൽ ഇന്ന് പുലർച്ചെയാണ് അപ്രതീക്ഷിതമായി വൻ അഗ്നിബാധ ഉണ്ടായത്. ഒ‌എൻ‌ജി‌സി അഗ്നിശമന സേന ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി അഗ്നിബാധ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തീപിടിത്തത്തിൽ ഓയിൽ പ്രോസസ്സിംഗിന്റെ യാതൊരു സ്വാധീനവുമില്ല. ഗ്യാസ് ഹസിറ പ്ലാന്റിലേക്ക് തിരിച്ചുവിട്ടു. സ്ഥിതി വിലയിരുത്തുകയാണ്,”ഒ‌എൻ‌ജി‌സി ട്വിറ്ററിലൂടെ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook