മെംഗളൂരു: മോഷ്ടിച്ച സ്വർണവും പണവും വീട്ടുടമസ്ഥന് തിരികെ നൽകിയിരിക്കുകയാണ് കളളന്മാർ. ഒപ്പം കളളന്മാർ ഉടമസ്ഥന് ഫ്രീയായി ഒരു ഉപദേശവും നൽകി, വില കൂടിയ സാധനങ്ങൾ വീട്ടിൽ വയ്ക്കാതെ ബാങ്ക് ലോക്കറിൽ സൂക്ഷിക്കണം. മംഗളൂരുവിലെ അഡുമറോളിയിലായിരുന്നു സംഭവം.

കഴിഞ്ഞ ശനിയാഴ്ച അഡുമറോളിയിലെ ശേഖർ കുന്ദറിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. ശേഖരും ഭാര്യയും ജോലിക്ക് പോയ സമയത്ത് പട്ടാപ്പകലായിരുന്നു മോഷണം. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ കളളന്മാർ 99 പവനോളം സ്വർണവും 13,000 രൂപയും മോഷ്ടിച്ചു. മഴയായിരുന്നതിനാൽ വീടിന്റെ വാതിൽ പൊളിക്കുന്നതിന്റെ ശബ്ദമൊന്നും അയൽപക്കത്തുളളവർ കേട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ബൈക്കിലെത്തിയ രണ്ടുപേർ ശേഖറിന്റെ വീടിന്റെ പരിസരത്തക്ക് ഒരു പാക്കറ്റ് വലിച്ചെറിഞ്ഞു. അതിനുശേഷം ബൈക്ക് സ്പീഡിൽ ഓടിച്ചുപോയി. പാക്കറ്റ് തുറന്നു നോക്കിയപ്പോൾ അതിനകത്ത് മോഷണ മുതലായിരുന്നു. അതിനൊപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഇത്രയും സ്വർണം വീട്ടിൽ സൂക്ഷിക്കരുത്. വില കൂടിയ സാധനങ്ങൾ ബാങ്ക് ലോക്കറിൽ സൂക്ഷിക്കണം’- ഇതായിരുന്നു വീട്ടുടമസ്ഥന് കളളന്മാർ നൽകിയ ഉപദേശം. അതേസമയം, മോഷ്ടാക്കളെ സംബന്ധിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook