വാഷിങ്ടണ്‍: അമേരിക്കയില്‍ ഒരു വയസുകാരിയെ വീട്ടിലെ വളര്‍ത്തുനായ ആക്രമിച്ച് കൊലപ്പെടുത്തി. വീട്ടിനകത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ട്രിനിറ്റി ഹാരല്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയാണ് പൊലീസിനെ വിവരം അറിയിച്ചത്.

കുട്ടിയെ നായ കടിച്ചുകീറുന്നതായി ഫോണ്‍ സന്ദേശം വന്നയുടനെ പൊലീസ് നോര്‍ത്ത് കരോലിനയില്‍ കുട്ടിയുടെ വീട്ടിലെത്തി. പൊലീസ് എത്തുമ്പോള്‍ മാരകമായി പരുക്കേറ്റ കുട്ടിയെ നായ കടിച്ച് പിടിച്ചിരിക്കുകയായിരുന്നു. പൊലീസ് ഉടന്‍ തന്നെ നായയെ വെടിവച്ച് കൊലപ്പെടുത്തി. രണ്ട് തവണ വെടിവച്ചാണ് നായയെ കൊന്നത്. അപ്പോഴേക്കും കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

ആദ്യ ശ്രമത്തില്‍ നായ പിടിവിടാന്‍ തയ്യാറാവാതിരുന്നതായി പൊലീസ് പറഞ്ഞു. പിന്നീടാണ് വെടിവച്ചത്. ‘ഞങ്ങളെത്തുമ്പോള്‍ കുട്ടി നായയുടെ വായിലായിരുന്നു. ആദ്യശ്രമം പരാജയപ്പെട്ടതോടെ ഡെപ്യൂട്ടി വെടിവയ്ക്കുകയായിരുന്നു. രണ്ട് തവണ വെടിവച്ചതോടെയാണ് നായ ചത്തത്. വെടിവച്ച ഉദ്യോഗസ്ഥന്‍ ഒരു ഹീറോയാണ്. കാരണം അത്രയും നിര്‍ണായകമായ നിമിഷമായിരുന്നു അത്. നായയുടെ വേഗത കൊണ്ട് തന്നെ കുട്ടിക്ക് വെടിയേറ്റേക്കാം. അധികം കാത്തിരിക്കാനും കഴിയില്ല. പക്ഷെ അദ്ദേഹം രണ്ട് തവണ വെടിവച്ച് നായയെ കൊലപ്പെടുത്തി. അവരുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക,’ പൊലീസ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

പൊലീസ് വരുന്നതിന് മുമ്പ് നായയെ താന്‍ കത്തി കൊണ്ട് കുത്തി മകളെ രക്ഷിക്കാന്‍ ശ്രമിച്ചതായി കുട്ടിയുടെ മാതാവ് പറഞ്ഞു. താന്‍ വീട്ടുജോലി ചെയ്യുന്നതിനിടയിലാണ് മകളുടെ കരച്ചില്‍ കേട്ടതെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് നായയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അടുക്കളയില്‍ നിന്നും കത്തി എടുത്ത് കൊണ്ട് വന്ന് നായയെ കുത്തി പരുക്കേല്‍പ്പിച്ചു. എന്നിട്ടും നായ കുട്ടിയെ വിടാന്‍ തയ്യാറാവാത വന്നപ്പോഴാണ് പൊലീസിന്റെ സഹായം തേടിയത്.

സംഭവ സ്ഥലത്ത് എത്തിയ പൊലീസുകാര്‍ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. പിറ്റ് ബുള്‍ വിഭാഗത്തില്‍ പെട്ട നായയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook