ശ്രീനഗർ: രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി പുല്‍വാമയില്‍ 40 ജവാന്മാർ വീരമൃത്യു വരിച്ചത്. ഒരു മലയാളി ഉൾപ്പടെ 40 സിആർപിഎഫ് ജവാന്മാർക്കാണ് അന്ന് ജീവൻ നഷ്ടമായത്. വയനാട് സ്വദേശി വസന്തകുമാറാണ് കൊല്ലപ്പെട്ട മലയാളി സൈനികൻ. ജമ്മുവിൽനിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരൻ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.
കൊല്ലപ്പെട്ട 40 സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സ്മാരകം ലെത്‌പോറ ക്യാമ്പിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്ര റിസർവ് പൊലീസ് സേനയുടെ (സിആർപിഎഫ്) മോട്ടോയ്‌ക്കൊപ്പം 40 പേരുടെയും പേരും അവരുടെ ചിത്രങ്ങളും സ്മാരകത്തിന്റെ ഭാഗമാകും.
ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരരായ ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള ഒരു മാർഗമാണിതെന്ന് സിആർപിഎഫ് അഡീഷണൽ ഡയറക്ടർ ജനറൽ സുൽഫിക്കർ ഹസൻ വ്യാഴാഴ്ച സ്മാരകം സ്ഥാപിച്ച സ്ഥലം സന്ദർശിച്ച ശേഷം പറഞ്ഞു.
Read Also: ആർക്കാണത് പ്രയോജനപ്പെട്ടത്?; പുൽവാമ ആക്രമണ വാർഷികത്തിൽ മോദിയോട് രാഹുൽ ഗാന്ധി
പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത് 16 സംസ്ഥാനങ്ങളിൽനിന്നുളള 40 പേർക്കാണ്. ഉത്തർപ്രദേശ് സ്വദേശികളായ ശ്യാം ബാബു (32), അജിത് കുമാർ ആസാദ് (32), അമിത് കുമാർ (22), പ്രദീപ് കുമാർ (38), പ്രദീപ് സിങ് (35), വിജയ് കുമാർ മൗര്യ (38), പങ്കജ് കുമാർ ത്രിപതി (26), രമേശ് യാദവ് (26), മഹേഷ് കുമാർ (26), അദ്വേഷ് കുമാർ (30), റാം വക്കീൽ (37), കൗശൽ കുമാർ റാവത് (47), കേരളത്തിൽനിന്നുളള വി.വി.വസന്ത് കുമാർ (42), രാജസ്ഥാൻ സ്വദേശികളായ രോഹിതാഷ് ലംബ (28), നാരായൺ ലാാൽ ഗുർജർ (40), ഹേംരാജ് മീന (44), ജീത് റാം (30), ഭാഗിരത് സിങ് (26), പഞ്ചാബ് സ്വദേശികളായ കുൽവിന്ദർ സിങ് (26), ജയ്മൽ സിങ് (44), സുഖിന്ദർ സിങ് (32), മനിന്ദർ സിങ് (27), ഉത്തരാഖണ്ഡ് സ്വദേശികളായ മോഹൻ ലാൽ, വിരേന്ദ്ര സിങ്, മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് രാജ്പുത് (45), നിതിൻ ശിവജി റാത്തോഡ് (37), തമിഴ്നാട് സ്വദേശികളായ സുബ്രഹ്മണ്യൻ (28), സി.ശിവചന്ദ്രൻ (32), ജാർഖണ്ഡിൽനിന്നുളള വിജയ് സോരങ്ക് (47), പശ്ചിമ ബംഗാൾ സ്വദേശികളായ സുധീപ് ബിശ്വാസ് (27), ബാബ്‌ലു സാന്ദ്ര (39), അസം സ്വദേശിയായ മനീശ്വർ ബസുമതേരി (48), ഒഡീഷ സ്വദേശികളായ പ്രസന്ന കുമാർ സഹൂ (46), മനോജ് കുമാർ ബെഹേറ (33), ബിഹാർ സ്വദേശികളായ രത്തൻ കുമാർ ഠാക്കൂർ (30), സഞ്ജയ് കുമാർ സിങ് (45), ഹിമാചൽ പ്രദേശ് സ്വദേശിയായ തിലക് രാജ് (30), മധ്യപ്രദേശ് സ്വദേശിയായ അശ്വനി കാച്ചി (28), ജമ്മു കശ്മീർ സ്വദേശിയായ നസീർ അഹമ്മദ് (46), കർണാടക സ്വദേശിയായ എച്ച്.ഗുരു (33) എന്നിവരാണ് മരിച്ചത്.