ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകര്‍ ആദ്യം വീട്ടിലെ കാര്യങ്ങള്‍ ചെയ്ത് നോക്കി നടത്തണമെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. വീട്ടിലെ കാര്യം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് രാജ്യത്തേയും നോക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഗ്പൂരില്‍ എബിവിപിയുടെ പൂര്‍വകാല പ്രവര്‍ത്തകരുമായുളള സംവാദത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ബിജെപിക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും സ്വയം സമര്‍പ്പിച്ചതായി പറയുന്ന നിരവധി പേരെ ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ ഒരാളോട് ഞാന്‍ കാര്യങ്ങള്‍ ചോദിച്ചിരുന്നു. നിങ്ങള്‍ എന്ത് ജോലിയാണ് ചെയ്യുന്നതെന്നും വീട്ടില്‍ ആരൊക്കെ ഉണ്ടെന്നും ചോദിച്ചു. കച്ചവടം കുറഞ്ഞത് കൊണ്ട് കട അടച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. വീട്ടില്‍ കുട്ടികളും ഭാര്യയും ഉണ്ട്. അയാളോട് ആദ്യം വീട്ടുകാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ പറഞ്ഞത്,’ ഗഡ്കരി പറഞ്ഞു.

‘വീട്ടിലെ കാര്യങ്ങള്‍ നന്നായി ചെയ്യാത്തവര്‍ക്ക് രാജ്യത്തിന് വേണ്ടിയും ഒന്നും ചെയ്യാനാവില്ല. ആദ്യം ഭാര്യയേയും കുട്ടികളേയും നന്നായി നോക്കിയതിന് ശേഷം പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി ചെയ്യാന്‍ ഇറങ്ങുക,’ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. അതേസമയം മോദിയെ പ്രത്യക്ഷമായി ഗഡ്കരി പരിഹസിച്ചതാണ് ഈ പരാമര്‍ശമെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ സംസാരം.

രാഷ്ട്രീയ നേതാക്കള്‍ ജനങ്ങള്‍ക്ക് സ്വപ്നം വില്‍ക്കുകയാണെന്നും എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉദ്ദേശിച്ചാണ് ഗഡ്കരിയുടെ പരാമര്‍ശമെന്ന് പ്രതിപക്ഷ നേതാക്കള്‍ പരിഹസിച്ചു. സ്വപ്‌നങ്ങള്‍ കാണിക്കുന്ന നേതാക്കളെ ജനങ്ങള്‍ ആദ്യം ഇഷ്ടപ്പെടും. നിറവേറ്റിയില്ലെങ്കില്‍ ജനം അവരെ തിരിച്ചടിക്കുന്നു. അതിനാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്വപ്‌നങ്ങള്‍ അവരെ കാണിക്കാതിരിക്കുക. ഞാന്‍ സ്വപ്‌നങ്ങള്‍ കാണിക്കുക മാത്രം ചെയ്യുന്നവരില്‍ പെട്ടവനല്ല. ഞാന്‍ പറയുന്നത് നൂറു ശതമാനം നിങ്ങള്‍ക്ക് കാണാന്‍ കഴിയും.’ ഇതായിരുന്നു ഗഡ്കരിയുടെ പരാമര്‍ശം.

നിതിന്‍ ഗഡ്കരി പ്രധാനമന്ത്രിക്കു നേരെ ആക്രമണം തൊടുത്തു വിട്ടിരിക്കുകയാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ജനങ്ങള്‍ മോദിയെ തേടി വരികയാണെന്നും അവരുടെ ട്വീറ്റില്‍ മുന്നറിയിപ്പു നല്‍കുന്നു. വളരെ സൂക്ഷമമായ രീതിയില്‍ പ്രധാനമന്ത്രിയെ ഗഡ്കരി തുറന്നു കാണിക്കുകയാണെന്ന് അസദുദ്ദീന്‍ ഉവൈസി ട്വീറ്റ് ചെയ്യുന്നു. അതേസമയം, പ്രതിപക്ഷം തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്ന് ഗഡ്കരി പ്രതികരിച്ചു. നേരത്തെ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിക്കു ശേഷവും നിതിന്‍ ഗഡ്കരി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിരുന്നു. രാജയം ഏറ്റെടുക്കാനുള്ള തന്റേടം നേതൃത്വം കാണിക്കണമെന്നായിരുന്നു അന്നത്തെ പ്രസ്താവന. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുവരെ നേതൃത്വത്തിന്റെ പാര്‍ട്ടിയോടുള്ള കൂറ് തെളിയിക്കപ്പെടുകയില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ