ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിക്ക് പിന്നാലെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ സ്ഥിരീകരിച്ചു. പാക്കിസ്ഥാന്റെ ആക്രമണ നീക്കം ഇന്ത്യ ഫലപ്രദമായി ചെറുത്തെന്ന് രവീഷ് കുമാർ പറഞ്ഞു.

ആകാശത്തുണ്ടായ സംഘർഷത്തിൽ പാക് വ്യോമസേനയുടെ യുദ്ധവിമാനം ഇന്ത്യയുടെ മിഗ് 21 ബൈസണിന്റെ ആക്രമണത്തിൽ തകർന്നതായി രവീഷ് കുമാർ പറഞ്ഞു. ഇത് പാക്കിസ്ഥാനിലാണ് തകർന്ന് വീണതെന്നും അദ്ദേഹം പറഞ്ഞു. ഇത് തകർന്ന് വീഴുന്നത് ഇന്ത്യൻ സൈന്യം കണ്ടെന്നും അദ്ദേഹം പറഞ്ഞു.

India-Pakistan LIVE News Updates:

അതേസമയം ഇന്ത്യക്കും നഷ്ടമുണ്ടായി. വ്യോമസേനയുടെ മിഗ് 21 വിമാനം നഷ്ടപ്പെട്ടു. പൈലറ്റിനെ കാണാതായി. ഇദ്ദേഹം തങ്ങളുടെ കസ്റ്റഡിയിലാണെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടതായും ഇക്കാര്യം പരിശോധിച്ച് വരുന്നതായും രവീഷ് കുമാർ പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡർ അഭിനന്ദനെ തടവിലാക്കിയെന്നാണ് പാക്കിസ്ഥാന്റെ വാദം. ഇതിന്റെ വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, വിങ് കമാൻഡർ അഭിനന്ദൻ തങ്ങളുടെ കസ്റ്റഡിയിലാണെന്ന പാക്കിസ്ഥാന്റെ വാദത്തെക്കുറിച്ച് പരിശോധിക്കുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook