ന്യൂഡല്‍ഹി: തുടര്‍ച്ചയായ 16 ദിവസം വില കൂടിയതിനുശേഷം പെട്രോള്‍- ഡീസല്‍ വില 1 പൈസ കുറഞ്ഞതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘കളിയായി പറഞ്ഞതാണോ? എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഇത് തമാശയാണെങ്കില്‍ വളരെ മോശമായ കുട്ടിക്കളിയാണെന്ന് രാഹുല്‍ പരിഹസിച്ചു. സോണിയ ഗാന്ധിയുടെ വാര്‍ഷിക മെഡിക്കല്‍ പരിശോധനയ്ക്കായി വിദേശത്താണ് രാഹുലുളളത്.
കഴിഞ്ഞയാഴ്ച താന്‍ മുന്നോട്ട് വച്ച ഫ്യുവല്‍ ചലഞ്ചിനുളള തക്കതായ ഉത്തരം 1 പൈസ കുറച്ചത് കൊണ്ട് ലഭിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കുറവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് 1 പൈസ കുറഞ്ഞത്. എന്നാല്‍ ഡീസലിനും പെട്രോളിനും എക്കാലത്തേയും ഉയര്‍ന്ന വില തന്നെയാണ് രാജ്യത്തുളളത്.
രാജ്യത്ത് പെട്രോളിന് ഒരു പൈസയും ഡീസലിന് മൂന്ന് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81.96 രൂപയും ഡീസലിന് 74.57 രൂപയുമാണ് നിരക്ക്. എന്നാൽ, യഥാക്രമം 82.57 രൂപയും 75.14 രൂപയും പന്പുകൾ ഈടാക്കുന്നതായി റിപ്പോർട്ടുണ്ട്.
രാജ്യത്തെ മറ്റ് നഗരങ്ങളിലും ഇന്ധന വില കുറഞ്ഞു. പെട്രോളിന് ഡൽഹിയിൽ 77.83 രൂപയും മുംബയിൽ 85.65 രൂപയും ചെന്നൈയിൽ 80.80 രൂപയും ബെംഗളൂരുവിൽ 79.10 രൂപയുമാണ് നിരക്ക്. ഡീസലിന് യഥാക്രമം 68.75, 73.20, 72.58, 69.93 രൂപയുമാണ് നിരക്ക്.
കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 3.8 രൂപയും ഡീസലിന് 3.38 രൂപയുമാണ് കൂടിയത്.