ന്യൂഡൽഹി: ഇടയ്ക്കിടെയുള്ള​ തിരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ വികസനത്തിന് തടസമാകുന്നുവെന്നും അതിനാൽ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നത് രാജ്യത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തില്‍ പ്രിസൈഡിങ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തിരഞ്ഞെടുപ്പുകൾ നടക്കുന്ന രീതിയാണുള്ളത്. അതിൽ മാറ്റം അനിവാര്യമാണ്. ലോക്സഭാ, നിയമസഭ തിരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും ഈ ലക്ഷ്യത്തെ കുറിച്ച് ഗൗരവമായ പഠനങ്ങളും ചർച്ചകളും നടക്കണമെന്നും മോദി പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് വെറുമൊരു സംവാദ വിഷയം മാത്രമല്ല, അനിവാര്യതയാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതാണെന്നും മോദി കൂട്ടിച്ചേർത്തു.

നേരത്തെ ബിജെപി മുന്നോട്ട് വെച്ച രാഷ്ട്രീയ അജണ്ടകളിലൊന്നാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞടുപ്പുകള്‍ക്കെല്ലാംകൂടി ഒരു വോട്ടര്‍ പട്ടിക മതിയാകും. വെവ്വേറെ പട്ടിക തയ്യാറാക്കുന്നത് അനാവശ്യ ചെലവാണുണ്ടാക്കുന്നതെന്നും മോദി പറഞ്ഞു.

ഭരണഘടനയുടെ വലിയൊരു സവിശേഷത അത് പൗരന്റെ കര്‍ത്തവ്യങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണ്. കര്‍ത്തവ്യങ്ങളും അവകാശങ്ങളും പരസ്പരബന്ധിതമായ കാര്യങ്ങളായാണ് മഹാത്മാഗാന്ധി കണ്ടത്. ഭരണഘടനയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് വലിയ പങ്കുവഹിക്കാനാവുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നിയമസഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവ മികച്ച ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും ദേശീയ താൽപ്പര്യമാണ് ഓരോ തീരുമാനത്തിനും അടിസ്ഥാനമെന്നും മോദി പറഞ്ഞു.

സർദാർ സരോവർ അണക്കെട്ടിന്റെ പൂർത്തീകരണത്തിന്റെ കാലതാമസത്തെയും അദ്ദേഹം വിമർശിച്ചു. അതിന് കാരണം കോൺഗ്രസ് ആണെന്നും അവർക്ക് അതിൽ യാതൊരു കുറ്റബോധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“വികസനത്തിന് മുൻ‌ഗണന നൽകിയിരുന്നെങ്കിൽ ഇത് നേരത്തെ സംഭവിക്കാമായിരുന്നു. ഇത് നിർത്തിവച്ചവർക്ക് സങ്കടമില്ല,” കോൺഗ്രസിനെതിരായ വ്യക്തമായ ആക്രമണത്തിൽ അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook