ന്യൂഡല്‍ഹി: ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം പൂര്‍ത്തിയായി. ഒറ്റ തിരഞ്ഞെടുപ്പിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റിയെ രൂപീകരിക്കുമെന്ന് യോഗത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയത്തെ പിന്തുണച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

നാല്‍പത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയാണ് ചര്‍ച്ചയിലേക്ക് ക്ഷണിച്ചതെന്നും അതില്‍ 21 പാര്‍ട്ടി അധ്യക്ഷന്‍മാര്‍ പങ്കെടുത്തു എന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. വിവിധ കാരണങ്ങള്‍ ഉന്നയിച്ച് മൂന്ന് പാര്‍ട്ടി അധ്യക്ഷന്‍മാര്‍ യോഗത്തില്‍ പങ്കെടുത്തില്ല എന്നും അവരുടെ കൂടി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. യോഗം കോൺഗ്രസ് ബഹിഷ്കരിച്ചു.

Read Also: കോണ്‍ഗ്രസ് തോറ്റത് രാഹുല്‍ ഗാന്ധി യോഗ ചെയ്യാത്തതിനാല്‍: ബാബാ രാംദേവ്

സിപിഐയെ പ്രതിനിധീകരിച്ച് ഡി.രാജയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും യോഗത്തില്‍ പങ്കെടുത്തു. ബി.എസ്.പി അധ്യക്ഷ മായാവതി യോഗത്തിന് എത്തിയില്ല. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ കുറിച്ചുള്ള യോഗമായിരുന്നെങ്കില്‍ താന്‍ പങ്കെടുത്തേനെ എന്ന് മായാവതി ട്വീറ്റ് ചെയ്തിരുന്നു. മായാവതിക്ക് പുറമേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

വളരെ ചുരുങ്ങിയ സമയത്തിനുളളിലാണ് നിർണായകമായൊരു വിഷയത്തെക്കുറിച്ച് ചർച്ചയ്ക്ക് വിളിച്ചതെന്ന് മമത നേരത്തെ പറഞ്ഞിരുന്നു. ഗൗരവമേറിയ വിഷയത്തിൽ ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ടതില്ലെന്നും കൂടുതൽ കൂടിയാലോചനകൾ നടത്തണമെന്നും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് അയച്ച കത്തിൽ മമത ബാനർജി വ്യക്തമാക്കിയിരുന്നു. യോഗത്തിൽ താൻ പങ്കെടുക്കില്ലെന്നും മമത അറിയിച്ചിരുന്നു. എം.കെ.സ്റ്റാലിനും യോഗത്തിൽ നിന്ന് വിട്ടുനിന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook