ശ്രീനഗർ: ശനിയാഴ്ച രാത്രി പൊലീസ് സംഘത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ പൊലീസുകാരനും ഭീകരനും അടക്കം നാല് പേർ കൊല്ലപ്പെട്ടു. ആനന്ദ്നഗറിലെ മിർ ബസാറിൽ പൊലീസ് സംഘത്തിന് നേരെ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. മൂന്ന് തദ്ദേശീയർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

മിർബസാറിന് സമീപം ദേശീയ പാതയിൽ നടന്ന അപകടസ്ഥലത്ത് ഗതാഗതം ക്രമീകരിക്കുകയായിരുന്നു പൊലീസ് സംഘം. ഈ സമയത്ത് ഭീകരർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പ്രത്യാക്രമണം തുടങ്ങിയതോടെ സ്ഥലത്ത് രൂക്ഷമായ വെടിവയ്പ്പ് ഉണ്ടായി.

ഒരു ഭീകരൻ കൊല്ലപ്പെട്ടപ്പോൾ മറ്റൊരാളെ പരിക്കേറ്റ നിലയിൽ പൊലീസിന് കിട്ടി. ഇയാളെ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയവരെ കണ്ടെത്താനാണ് പൊലീസ് ശ്രമം.

കുൽഗാം ജില്ലയിൽ പൊലീസിന് നേരെ രണ്ടാമത്തെ ആക്രമണമാണ് ഈ ആഴ്ച നടക്കുന്നത്. എടിഎമ്മുകളിലേക്ക് പണവുമായി പോയ വാനിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ 5 പൊലീസുകാരും രണ്ട് സെക്യൂരിറ്റി ഗാർഡുമാരും കൊല്ലപ്പെട്ടിരുന്നു.

വെള്ളിയാഴ്ച ജമ്മു കാശ്മീർ ബാങ്ക് തങ്ങളുടെ 40 ബ്രാഞ്ചുകളിലെ പണ ഇടപാടുകൾ നിർത്തിവച്ചിരുന്നു. ഇതിൽ കൂടുതലും ദക്ഷിണ കാശ്മീരിലെ ഷോപിയാൻ, പുൽവാമ ജില്ലകളിലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ