നാസയുടെ ചൊവ്വാ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത് 1,38,899 ഇന്ത്യക്കാര്‍. 2018 മേയ് 5ന് നാസ ചൊവ്വയിലേക്ക് വിക്ഷേപിക്കുന്ന റോബോട്ടിക് ലാന്‍ഡര്‍ദൗത്യമാണ് ഇന്‍സൈറ്റ് (Interior Exploration Using Seismic Investigations Geodesic and Heat Transport- InSight). ഇതിലേക്കാണ് ഇത്രയും ഇന്ത്യക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഓണ്‍ലൈന്‍ ബോഡിംഗ് പാസും വിതരണം ചെയ്തതായി നാസ അറിയിച്ചു.

സന്ദര്‍ശകരുടെ പേര് ഫലകത്തില്‍ എഴുതി ചൊവ്വയില്‍ സ്ഥാപിക്കുന്നതിനാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. നാസയുടെ ചൊവ്വാദൌത്യമായ ഇന്‍സൈറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്രോ ചിപ്പില്‍ ശാസ്ത്രകുതുകികളായ ആരുടെയും പേര്‍ എഴുതിച്ചേര്‍ക്കാം. ഇതിന് പിന്നാലെ ഇതില്‍ പങ്കാളികളായവര്‍ക്ക് മുന്‍ഗണന നല്‍കി മറ്റ് ചൊവ്വാ യാത്രകള്‍ക്കും പരിഗണിക്കും.

ലോകത്താകമാനം 24,29,807 പേരാണ് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 6,76,773 പേരോടെ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 2.62,752 പേര്‍ പേര് നല്‍കി ചൈന രണ്ടാം സ്ഥാനത്തെത്തി.
ശാസ്ത്രീയ ദൌത്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് താല്‍പ്പര്യവും ജിജ്ഞാസയും വളര്‍ത്തുന്നതിനുവേണ്ടിയാണ് നാസ ഇത്തരമൊരു സംരംഭത്തിന് മുതിരുന്നത്. എന്നാല്‍ ഇന്‍സൈറ്റ് ദൌത്യത്തിന്റെ ലക്ഷ്യം ഇതൊന്നുമല്ല. സൌരയൂഥത്തില്‍ ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നീ ഭൌമഗ്രഹങ്ങളുടെയും, ‘ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെയും ഉല്‍പ്പത്തിയും പരിണാമഘട്ടങ്ങളും വിശദമായി പഠിക്കുകയും നിലവിലുള്ള സിദ്ധാന്തങ്ങളിലൂടെ ശാസ്ത്രീയത പരിശോധിക്കുകയുമാണ് ഇന്‍സൈറ്റ് ദൌത്യത്തിന്റെ ലക്ഷ്യം.

ഇന്‍സൈറ്റിലുള്ള ഒരു സീസ്മോമീറ്ററും ഒരു ഹീറ്റ് ട്രാന്‍സ്ഫര്‍ ഉപകരണവും ചൊവ്വയുടെ ഉപരിതലഘടന പരിശോധിക്കും. അതിലൂടെ ഭൂമിയും ചൊവ്വയും ശുക്രനും ബുധനും ഉള്‍പ്പെടെയുള്ള ‘ഭൌമഗ്രഹങ്ങളുടെ ഉല്‍പ്പത്തി-പരിണാമ ഘട്ടങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും സാധിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ